pic

വാഷിംഗ്ടൺ : യു.എസിൽ ജനപ്രതിനിധിസഭയിലെയും സെനറ്റിലെയും അടക്കം അംഗങ്ങളെ തിരഞ്ഞെടുക്കുന്ന മിഡ്ടേം തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പോരാട്ട ചിത്രത്തിൽ അഞ്ച് പ്രമുഖ ഇന്ത്യൻ വംശജരും.

യു.എസ് ജനപ്രതിനിധി സഭയിലെ നിലവിലെ അംഗങ്ങളായ ആമി ബേര,​ രാജാ കൃഷ്ണമൂർത്തി,​ റോ ഖന്ന, പ്രമീള ജയപാൽ എന്നിവർ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുന്നുണ്ട്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥികളായ നാല് പേരും വീണ്ടും വിജയിക്കുമെന്നാണ് കരുതുന്നത്. സംരംഭകനും ബിസിനസുകാരനുമായ ശ്രീത നേദാർ ആണ് ജനപ്രതിനിധി സഭയിലേക്ക് മത്സരിക്കുന്ന മറ്റൊരു ഇന്ത്യൻ വംശജൻ. ഇദ്ദേഹത്തിനും ഡെമോക്രാറ്റിക് ടിക്കറ്റാണ്.

അതേ സമയം, ഇന്ത്യൻ വംശജയും മേരിലാൻഡ് ഹൗസ് ഒഫ് ഡെലിഗേറ്റ്സ് മുൻ അംഗവുമായ അരുണ മില്ലർ ( 57 ) ഡെമോക്രാറ്റിക് ടിക്കറ്റിൽ മേരിലാൻഡ് ലെഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. ജയിച്ചാൽ ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ - അമേരിക്കൻ എന്ന നേട്ടം സ്വന്തമാകും.

ആമി ബേര ( 57 )​

മുഴുവൻ പേര് അമരീഷ് ബാബുലാൽ ബേര. കാലിഫോർണിയയിലെ 7-ാം കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് മത്സരിക്കുന്നു. 2013 മുതൽ ഇദ്ദേഹം ഇവിടെ നിന്നുള്ള യു.എസ് ജനപ്രതിനിധിസഭാ അംഗമാണ്. ഗുജറാത്ത് വംശജൻ. കുടുംബം 1958ൽ യു.എസിലേക്ക് കുടിയേറി.

 റോ ഖന്ന ( 46 )

കാലിഫോർണിയയിലെ 17-ാം കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് മത്സരിക്കുന്നു. 2017 മുതൽ ഇവിടത്തെ ജനപ്രതിനിധിസഭാ അംഗം. അഭിഭാഷകൻ. ബറാക് ഒബാമ ഭരണകൂടത്തിൽ യു.എസ് ഡിപ്പാർട്ട്മെന്റ് ഒഫ് കൊമേഴ്സിന്റെ ഡെപ്യൂട്ടി അസിസ്​റ്റന്റ് സെക്രട്ടറി ആയിരുന്നു.


രാജാ കൃഷ്ണമൂർത്തി ( 49 )

ഇലിനോയിയിലെ 8-ാം കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് മത്സരിക്കുന്നു. 2017 മുതൽ ഇവിടത്തെ ജനപ്രതിനിധി സഭാംഗം. ന്യൂഡൽഹിയിലെ തമിഴ് കുടുംബത്തിൽ ജനനം. യു.എസിലേക്ക് കുടിയേറി. ദ ഹൗസ് ഓവർസൈ​റ്റ് കമ്മി​റ്റി, ദ ഹൗസ് പെർമനെന്റ് സെലക്ട് കമ്മി​റ്റി ഓൺ ഇന്റലിജൻസ് എന്നിവയിൽ അംഗം.

 പ്രമീള ജയപാൽ ( 57 )


വാഷിംഗ്ടൺ 7-ാം കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് മത്സരിക്കുന്നു. 2017 മുതൽ ഇവിടത്തെ ജനപ്രതിനിധി സഭാംഗം. യു.എസ് ജനപ്രതിനിധി സഭയിലെത്തുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ വനിത. ഫെഡറൽ തലത്തിൽ വാഷിംഗ്ടൺ സ്​റ്റേ​റ്റിനെ പ്രതിനിധീകരിക്കുന്ന ആദ്യ ഏഷ്യൻ അമേരിക്കൻ. ചെന്നൈയിൽ ജനനം. പിതാവ് മലയാളി.

ശ്രീത നേദാർ ( 67 )

ജനപ്രതിനിധി സഭയിലേക്ക് കന്നി മത്സരം. മിഷിഗണിലെ 13-ാം കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നാണ് പോരാട്ടം. നിലവിൽ മിഷിഗൺ ജനപ്രതിനിധി സഭയിൽ അംഗം. കർണ്ണാടക സ്വദേശി. 80കളുടെ അവസാനം യു.എസിലേക്ക് കുടിയേറി.