
മെൽബൺ: ടി20 ലോകകപ്പിലെ അവസാന മത്സരത്തിൽ എതിരാളികളായ സിംബാബ്‌വെയ്ക്ക് 71 റൺസിന് തകർത്ത് സെമിയിൽ പ്രവേശിച്ച് ഇന്ത്യ. അഞ്ച് മത്സരങ്ങളിൽ നിന്നും എട്ട് പോയിന്റോടെ സൂപ്പർ 12 ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ സെമിഫൈനലിൽ സ്ഥാനം ഉറപ്പാക്കിയത്. ഒന്നാം ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ളണ്ടാണ് നവംബർ പത്തിന് നടക്കുന്ന സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. ഒൻപതിനു നടക്കുന്ന ആദ്യ സെമിഫൈനലിൽ ന്യൂസീലൻഡും പാക്കിസ്ഥാനും ഏറ്റുമുട്ടും
ഇന്ത്യൻ ബാറ്റിംഗ് നിരയുടെ വെടിക്കെട്ട് പ്രകടനത്തിലൂടെ നേടിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാവെയ്ക്ക് 17.2 ഓവറിൽ 115 റൺസ് നേടുന്നതിനിടയിൽ പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ അശ്വിന്റെയും രണ്ട് വിക്കറ്റുകൾ വീതം നേടിയ മുഹമ്മദ് ഷമിയുടെയും പ്രകടനത്തിന് മുന്നിൽ സിംബാബ്‌വെയ്ക്ക് ബാറ്റിംഗ് നിര റൺസ് കണ്ടെത്താനാകാതെ പതറി. 35 റൺസ് നേടിയ റ്യാൻ ബേളാണ് സിംബാബ്‌വെയുടെ ടോപ്പ് സ്കോറർ.
ഇന്ത്യ ഉയർത്തിയ 187 റൺസ് വിയലക്ഷ്യം നേടി അട്ടിമറി വിജയം ആവർത്തിക്കാനായിറങ്ങിയ സിംബാബ്‌വെ നിരയ്ക്ക് ഇന്നിംഗ്സിലെ ആദ്യ ബോളിൽ തന്നെ ഓപ്പണറായ വെസ്‌ലി മധെവേറെയുടെ വിക്കറ്റ് നഷ്ടമായി. അടുത്ത ഓവറിൽ തന്നെ ആറ് പന്തുകൾ നേരിട്ട ചകാബ്വയും പവലിയിനിലേയ്ക്ക് മടങ്ങി. തുടരെ വിക്കറ്റുകൾ വീണതോടെ സിംബാബ്‌വെ മൂന്ന് വിക്കറ്റിന് 28 റൺസ് എന്ന നിലയിൽ പരുങ്ങലിലായി. തുടർന്ന് സിക്കന്തർ റാസയും (24 പന്തിൽ 34) റ്യാൻ ബേളും (22 പന്തിൽ 35) പൊരുതി നേടിയ 60 റൺസ് ആയിരുന്നു സിംബാബ്‌വെയെ നാണം കെട്ട തോൽവിയിൽ നിന്നും കരകയറ്റിയത്.
ടോസ് നേടി ബാറ്റിംഗ് നേടിയ ഇന്ത്യയ്ക്കും ആദ്യ ഓവറുകളിൽ തന്നെ തങ്ങളുടെ നായകനെ നഷ്ടമായി. നാലാം ഓവറിൽ 15റൺസ് നേടിയാണ് രോഹിത് ശർമ പുറത്തായത്. എന്നാൽ രോഹിതിന് പകരക്കാരായി എത്തിയ വിരാട് കോഹ്‌ലി ക്രീസിൽ തുടർന്ന കെ എൽ രാഹുലുമായി പടുത്തുയർത്തിയ 70 റൺസ് കൂട്ട്കെട്ട് ഇന്ത്യൻ സ്കോർബോർഡ് 50 കടത്തി. 26 റൺസ് നേടിയ കോഹ്ലിയുടെ വിക്കറ്റ് സീൻ വില്യംസ് നേടിയപ്പോഴേക്കും ഇന്ത്യ രണ്ടിന് 87 എന്ന നിലയിലായിരുന്നു. 35 പന്തിൽ 51 റൺസ് നേടി കെ എൽ രാഹുലും വൈകാതെ തന്നെ മടങ്ങി. പിന്നാലെയെത്തിയ റിഷഭ് പന്തും (3) നിരാശജനകമായ രീതിയിൽ പുറത്തായതോടെ ഇന്ത്യയുടെ റൺ റേറ്റ് വീണ്ടും താഴ്ന്നു. എന്നാൽ പിന്നീടെത്തിയ സൂര്യ കുമാർ യാദവ്-ഹാർദിക് പാണ്ഡ്യ(18) കൂട്ട്കെട്ട് അഞ്ചാം വിക്കറ്റ് കൂട്ട്കെട്ടിൽ നേടിയ 65 റൺസിന്റെ ബലത്തിൽ ഇന്ത്യ 187 റൺസ് എന്ന മികച്ച സ്കോർ നേടി. കൂറ്റൻ അടികളോടെ 25 പന്തിൽ 61 റൺസ് നേടി കളം നിറഞ്ഞ സൂര്യകുമാർ യാദവിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ സെമി പ്രവേശം ഉറപ്പിച്ചത്. സിംബാബ്‌വെയ്ക്കായി സീൻ വില്യംസ് രണ്ട് വിക്കറ്റ് നേടി.