
തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും പ്രതികരിച്ചാൽ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നും ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. കേരള സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള തർക്കത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായങ്ങൾ കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ചിരിക്കുകയാണെന്നും സമയമാകുമ്പോൾ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവർണറും സർക്കാരുമായുള്ള തർക്കം ചായ കുടിച്ച് പരിഹരിക്കാം എന്ന് നേരത്തെ പി എസ് ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. എന്നാൽ ഈ പരാമർശം ചർച്ചകളിലേയ്ക്ക് വഴിവെച്ചതോടെ താൻ നടത്തിയ പരാമർശം കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചല്ല എന്നും മാദ്ധ്യമങ്ങൾ വിഷയം വളച്ചൊടിക്കുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചിരുന്നു. മുൻപ് മിസോറാമിലും ഇപ്പോൾ ഗോവയിലും ഗവർണർ പദവി വഹിക്കുന്നതിനിടയിൽ അവിടുത്തെ സംസ്ഥാന സർക്കാരുമായി സ്വരചേർച്ചയില്ലായ്മ ഉണ്ടായിട്ടുണ്ട്. അതെല്ലാം വൈകുന്നേരം ചായകുടിച്ച് ഇറങ്ങുമ്പോൾ സംസാരിച്ച് പരിഹരിച്ച് ഏകാഭിപ്രായത്തിൽ എത്താറാണ് പതിവ്. ഇതിനെ കുറിച്ചാണ് താൻ സംസാരിച്ചത് എന്നായിരുന്നു പി എസ് ശ്രീധരൻ പിള്ള വിഷയത്തിൽ നൽകിയ പ്രതികരണം.