
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിവി അബ്ദുൾ വഹാബ് എം പിയുടെ മകനെ വിവസ്ത്രനാക്കി പരിശോധന നടത്തിയതായി പരാതി. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ചൊവ്വാഴ്ച രാത്രി 9ന് ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനം വഴി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ജാവേദിനെതിരെയാണ് കസ്റ്റംസ് നടപടിയുണ്ടായത്.
എം പിയുടെ മകനാണെന്ന് ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടും വിശ്വസിക്കാതെ നടപടി തുടർന്നു എന്ന് ജാവേദ് അറിയിച്ചു. എന്തിനാണ് തിരുവനന്തപുരത്ത് എത്തിയത് എന്ന ചോദ്യം ഉയർത്തിയ ശേഷം രണ്ട് മണിക്കൂറോളം വിമാനത്താവളത്തിൽ തടഞ്ഞു വെച്ചു. പിന്നീട് മജിസ്ട്രേറ്റിന്റെ അനുമതി ലഭിക്കാതെ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് എക്സ് റേ പരിശോധനയും നടത്തി. ഒടുവിൽ കുറ്റക്കാരനല്ലെന്ന് ബോദ്ധ്യമായതോടെ വിട്ടയക്കുക ആയിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേന്ദ്രമന്ത്രി നിർമലാ സീതാരാമനും കസ്റ്റംസ് കമ്മീഷണർക്കും എം പി പരാതി നൽകിയിട്ടുണ്ട്. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് കമ്മീഷണർ വിശദീകരണം തേടിയിട്ടുണ്ട്.