
ദുബായ് : രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന മുഴുവൻ കൊവിഡ് നിയന്ത്രണങ്ങളും യു.എ.ഇ പിൻവലിച്ചു. നാളെ മുതൽ പൊതുസ്ഥാപനങ്ങളിലെ പ്രവേശനത്തിന് അൽഹോസൻ ആപ്പിൽ ഗ്രീൻപാസ് ആവശ്യമില്ല. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. നാളെ രാവിലെ ഏഴുമണി മുതൽ തീരുമാനം നടപ്പിൽ വരുമെന്ന് സർക്കാർ വക്താവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മാസ്ക് ധരിക്കുന്നതിൽ വീണ്ടും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആരാധനാലയങ്ങൾ ഉൾപ്പെടെ തുറസായ സ്ഥലങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്ക് ധരിക്കുന്നത് ഇനി മുതൽ നിർബന്ധമല്ല. എന്നാൽ ആരോഗ്യ കേന്ദ്രങ്ങളിലും ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനങ്ങളിലും മാസ്ക് ധരിക്കേണ്ടൃത് നിർബന്ധമാണ്. പൊതുസ്ഥലങ്ങളിലും ഗതാഗത സംവിധാനങ്ങളിലും മാസ്ക് നിർബന്ധമല്ല. രണ്ടരവർഷത്തിന് ശേഷമാണ് കൊവിഡിനെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ യു.എ. ഇ പൂർണമായി പിൻവലിക്കുന്നത്.
രാജ്യത്തെ പി.സി.ആർ പരിശോധനാ കേന്ദ്രങ്ങളും കൊവിഡ് ചികിത്സാ കേന്ദ്രങ്ങളും പ്രവർത്തനം തുടരും. കൊവിഡ് ബാധിതർ ്ഞ്ചുദിവസം ഐസൊലേഷനിൽ കഴിയണമെന്ന നിബന്ധനയ്ക്ക് മാറ്റമില്ലെന്ന് ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി അറിയിച്ചു.