
തിരുവനന്തപുരം: എസ്.എ.ടിയിലെ വിശ്രമ മുറിയിലേക്ക് ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ഡി.ആർ. അനിൽ കത്ത് തയ്യാറാക്കിയിരുന്നുവെന്ന് സി.പി.എം കൗൺസിലർ അംശു വാമദേവൻ പറഞ്ഞു. പാർലമെന്ററി പാർട്ടി നേതാവ് എന്ന നിലയിലാണ് കത്ത് തയ്യാറാക്കിയത്. അതിൽ മുൻഗണ നൽകണമെന്നല്ല, കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി പ്രവർത്തനം നടത്തണമെന്ന് അഭ്യർത്ഥിച്ചാണെന്ന് ചാനൽ ചർച്ചയ്ക്കിടെ അംശു വാമദേവൻ പറഞ്ഞു.
തന്റേതെന്ന് പറഞ്ഞ് പുറത്തുവന്ന കത്ത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിക്കുമെന്ന് പറഞ്ഞ ഡി.ആർ അനിൽ ഈ പ്രസ്താവനയോടെ വീണ്ടും പ്രതിരോധത്തിലായി.
അതേസമയം സമൂഹമാദ്ധ്യമങ്ങളിലും വാർത്തകളിലും പ്രചരിക്കുന്നതുപോലൊരു കത്ത് നേരിട്ടോ അല്ലാതെയോ താൻ തയ്യാറാക്കിയിട്ടില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. നിയമനത്തിന് അത്തരമൊരു കത്ത് നൽകുന്ന രീതി സിപിഎമ്മിനില്ല. നേരിട്ടോ അല്ലാതെയോ കത്തിൽ ഒപ്പിട്ടിട്ടില്ല. ആരെങ്കിലും ബോധപൂർവമായോ ഫേക്കായി ആപ്പ് സഹായത്തോടെയോ മറ്റോ തയ്യാറാക്കിയതാണോ എന്നെല്ലാം അന്വേഷിക്കണമെന്നതു കൊണ്ടാണ് പരാതി നൽകിയതെന്നും ആര്യാ രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കത്ത് എവിടെ നിന്നാണ് വന്നതെന്ന് അറിയണമെന്നതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് തന്നെ പരാതി നൽകിയത്. പുറത്തുവന്ന താൻ കണ്ട ലെറ്റർപാഡിലെ ലെറ്റർ ഹെഡ് ഫേക്കാണോ എന്നത് അറിയേണ്ടതുണ്ട്. വ്യക്തമല്ലാത്ത തരത്തിലാണ് അത്. എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു കത്ത് രൂപപ്പെട്ടത് എന്നതും അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയ്‌ക്ക് നൽകിയ പരാതിയിലുണ്ട്. കത്ത് പുറത്തുവന്നത് ഒന്നാം തീയതിയാണ് ഇതിന് വളരെ മുൻപ് തന്നെ ഈ തസ്‌തികകളുടെ സംബന്ധിച്ച് പത്രപരസ്യം വന്നതാണ്. കത്തിന്റെ കാര്യത്തിൽ ഓഫീസ് ജീവനക്കാരെ സംശയമില്ലെന്ന് മേയർ അറിയിച്ചു. 'വിവാദമുണ്ടായതോടെ തുടർന്ന് കാര്യങ്ങൾ സുതാര്യമായി ജനങ്ങളെ അറിയിക്കാനാണ് നിയമനങ്ങൾ എംപ്‌ളോയ്‌മെന്റ് എക്‌സ്ചേഞ്ച് വഴിയാക്കിയത്. മേയറായി ചുമതലയേറ്റതുമുതൽ പലവിധ ആരോപണങ്ങളും അപവാദ പ്രചരണങ്ങളും ഉണ്ടായിരുന്നു അവയെ കാര്യമാക്കുന്നില്ല. മേയർ പ്രതികരിച്ചു.