
ഡൊഡോമ : ടാൻസാനിയയിൽ യാത്രാവിമാനം വിക്ടോറിയ തടാകത്തിലേക്ക് തകർന്ന് വീണ് 19 പേർ കൊല്ലപ്പെട്ടു. തടാകത്തിന് സമീപമുള്ള ബുകോബ നഗരത്തിലെ വിമാനത്താവളത്തിൽ ലാൻഡിംഗിന് ശ്രമിക്കവെയാണ് അപകടമുണ്ടായത്.
43 പേർ വിമാനത്തിലുണ്ടായിരുന്നു. ഇതിൽ 24 പേരെ രക്ഷപെടുത്തി. പ്രിസിഷൻ എയറിന്റെ എ.ടി.ആർ - 42 വിമാനമാണ് തകർന്നത്. രണ്ട് പൈലറ്റുമാർ രക്ഷപ്പെട്ടതായാണ് ആദ്യം റിപ്പോർട്ട് വന്നതെങ്കിലും പിന്നീട് ഇവർ മരിച്ചിരിക്കാമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ പ്രാദേശിക സമയം രാവിലെ 8.50ഓടെയായിരുന്നു അപകടം. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു. ഡാസ് എസ് സലാമിൽ നിന്ന് പുറപ്പെട്ടതായിരുന്നു ഈ വിമാനം.
തകർന്ന് വീണ വിമാനം പൂർണമായും തടാകത്തിൽ മുങ്ങിയിരുന്നു. വിമാനത്തിന്റെ വാൽ ഭാഗം മാത്രമാണ് ഉയർന്ന് കാണപ്പെട്ടത്. അപകട സ്ഥലം സന്ദർശിച്ച ടാൻസാനിയൻ പ്രധാനമന്ത്രി കാസിം മജാലിവ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരെ തിരിച്ചറിഞ്ഞുവരുന്നതായും അദ്ദേഹം വ്യക്തമാക്കി.
അപകടത്തെ തുടർന്ന് ബുകോബ വിമാനത്താവളം ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാൻ അധികൃതർ ഉത്തരവിട്ടു. ടാൻസാനിയയിലെ ഏറ്റവും വലിയ സ്വകാര്യ എയർലൈനാണ് പ്രിസിഷൻ എയർ. കെനിയ എയർവേയ്സിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള പ്രിസിഷൻ എയർ 1993ലാണ് സ്ഥാപിതമായത്.