
ഒരു നവജാത ശിശുവിന് ഏറ്റവും ഒഴിച്ച് കൂടാനാകാത്തതാണ് അമ്മ പകർന്നു നൽകുന്ന മുലപ്പാൽ. അമ്മയുടെ സ്നേഹവും ഒപ്പം ഒരുപാട് പോഷകഘടകങ്ങളും അടങ്ങിയ മുലപ്പാലിൽ നിന്നാണ് കുഞ്ഞുങ്ങൾക്ക് മികച്ച പ്രതിരോധ ശേഷി പോലും ലഭിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു മാതാവ് തന്റെ മകനോ മകൾക്കോ മുലപ്പാൽ നൽകുന്നത് സാധാരണയായ ഒരു കാര്യം മാത്രമാണ്. പക്ഷേ ഒരമ്മ 1400 കുഞ്ഞുങ്ങൾക്ക് മുലപ്പാൽ പകർന്ന് നൽകി എന്ന വാർത്ത അത് പോലെ തള്ളിക്കളയാവുന്ന ഒന്നല്ല. ഏഴ് മാസത്തിനിടയിൽ 1400 കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകിയതിന് അപൂർവമായ റെക്കോർഡ് നേട്ടമടക്കം കരസ്ഥമാക്കിയിരിക്കുകയാണ് കോയമ്പത്തൂർ സ്വദേശിയായ യുവതി. 29-കാരിയായ സിന്ധു 2021 ജൂലൈയ്ക്കും 2022 ഏപ്രിലിനും ഇടയിലാണ് 1400 കുഞ്ഞുങ്ങൾക്കായി മുലപ്പാലിലൂടെ പ്രാണൻ പകർന്ന് നൽകിയത്.
അമ്മമാർ മരിച്ചതോ അമ്മമാർക്ക് മുലയൂട്ടാനാകാത്തതോ ആയ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുന്ന പദ്ധതിയുടെ ഭാഗമായാണ് സിന്ധു ഇത്രയധികം കുഞ്ഞുങ്ങൾക്ക് തന്റെ മുലപ്പാൽ നൽകിയത്. സർക്കാർ ആശുപത്രികളിലെ നവജാത ശിശുക്കൾക്ക് മുലപ്പാൽ ഉറപ്പാക്കാനായി രണ്ട് വർഷം മുൻപ് തുടങ്ങിയ പദ്ധതിയുടെ ഭാഗമായി 42,00 മി ല്ലി മുലപ്പാലാണ് സിന്ധു ഇത് വരെ സംസ്ഥാന സർക്കാരിന്റെ എൻഐസിയുവിലേയ്ക്ക് നൽകിയത്. ഇത് വഴി ഇന്ത്യ, ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡുകളും സിന്ധു കരസ്ഥമാക്കിയിട്ടുണ്ട്.
എഞ്ചിനീയറിംഗ് ബിരുദധാരിയായ സിന്ധുവിനും ഭർത്താവ് മഹേശ്വരനും 18 മാസം പ്രായമായ മകളുണ്ട്. മകളെ മുലയൂട്ടിക്കഴിഞ്ഞാൽ മുലപ്പാൽ ശേഖരിച്ച് സൂക്ഷിച്ച് വെയ്ക്കും. ആഴ്ച തോറും എൻജിഒ പ്രവർത്തകരെത്തി മുലപ്പാൽ ശേഖരിച്ച് കൊണ്ട് പോവുകയും ചെയ്യും. ഇത് പിന്നീട് മിൽക്ക് ബാങ്കിലേയ്ക്ക് കൈമാറുകയും കുഞ്ഞുങ്ങൾക്ക് നൽകുകയും ചെയ്യും. ഇന്ന് 50 സ്ത്രീകൾ സിന്ധുവിനെ പോലെ തന്നെ കുരുന്നുകൾക്ക് മുലപ്പാൽ എത്തിച്ച് നൽകുന്ന പദ്ധതിയുടെ ഭാഗമാണ്.