
മാഡ്രിഡ്: ഇന്നലെ പുലർച്ചെ സ്‌പെയിനിൽ വിവാഹ പാർട്ടിയിൽ പങ്കെടുത്തവരുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറ്രി നാല് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ മൂന്ന് പ്രതികളെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഒരാൾക്കായി തെരച്ചിൽ നടത്തുകയാണെന്നും പോലീസ് പറഞ്ഞു.
മാഡ്രിഡിനിലെ ടോറെജോൺ ഡി അർഡോസിൽ വിവാഹം നടക്കുകയായിരുന്ന ഒരു റെസ്റ്റോറന്റിന് മുന്നിൽ പുലർച്ചെ വിവാഹത്തിൽ പങ്കെടുത്തവർ തമ്മിൽ തർക്കം ഉണ്ടാവുകയും ശേഷം ഒരു കാർ അതിഥികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
തങ്ങൾ സ്ഥലത്തെത്തിയപ്പോൾ നാല് പേർ മരിച്ചിരുന്നെന്നും പിന്നീട് പരിക്കേറ്റ നാല് പേരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും മാഡ്രിഡ് എമർജൻസി സർവീസ് മേധാവി കാർലോസ് പോളോ പറഞ്ഞു.
ആക്രമണം നടത്തിയതായി സംശയിക്കുന്ന വാഹനം അപകടസ്ഥലത്ത് നിന്ന് 50 കിലോമീറ്റർ അകലെ കണ്ടെത്തി. അതിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഒരു പ്രതിക്കായി തെരച്ചിൽ നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.