
മനാമ: നാല് ദിവസം നീണ്ട ബഹ്റൈൻ സന്ദർശനം പൂർത്തിയാക്കി ഫ്രാൻസിസ് മാർപ്പാപ്പ തിരികെ മടങ്ങി. കിഴക്കും പടിഞ്ഞാറും മനുഷ്യന്റെ നിലനിൽപ്പിന് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ലോകമത സമ്മേളനത്തിൽ പങ്കെടുക്കാനായാണ് മാർപ്പാപ്പ ബഹ്റൈനിലെത്തിച്ചേർന്നത്. ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫയും ഈജിപ്തിലെ അൽ അസര്‍ മോസ്ക് ഗ്രാൻഡ് ഇമാം ഷെയ്ഖ് അഹമ്മദ് അൽ തയബും മാർപ്പാപ്പയെ യാത്രയാക്കാനായി വിമാനത്താവളത്തിൽ എത്തിച്ചേർന്നിരുന്നു.
ആഗോളതലത്തില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്ന വര്‍ത്തമാനകാലത്തു സംഘര്‍ഷത്തിനെതിരെ ശാന്തത പാലിക്കണമെന്ന് ലോക നേതാക്കളോട് ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദർശനത്തിനിടയിൽ ആഹ്വാനം ചെയ്തിരുന്നു. മിസൈലുകളും ബോംബുകളും ആയുധങ്ങളും കൊണ്ടുള്ള കളി പ്രോത്സാഹന ജനകമല്ലെന്നും അതിനാല്‍ സംഘര്‍ഷം വെടിഞ്ഞു സമാധാനത്തിലേക്കു വരണമെന്നും മാര്‍പാപ്പ പറഞ്ഞു. കഴിഞ്ഞ ദിവസം ബഹ്റൈൻ ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽ മാർപ്പാപ്പ നേതൃത്വം നൽകിയ കുർബാനയിൽ 111 രാജ്യങ്ങളിൽ നിന്നുള്ലവർ പങ്കെടുത്തിരുന്നു. കുർബാനയിൽ പങ്കെടുക്കാനായി തലേ ദിവസം മുതൽ തന്നെ വിശ്വാസികൾ സ്റ്റേഡിയത്തിലെത്തിച്ചേർന്നിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ല രാജ്യങ്ങളിൽ നിന്നും മുപ്പതിനായിരത്തിലേറെ പേരാണ് മാർപ്പാപ്പയെ കാണാനും കുർബാനയിൽ പങ്കെടുക്കാനുമായി എത്തിയത്. മലയാളം ഉൾപ്പെടയുള്ള ഭാഷകളിൽ കുർബാന വേളയിൽ പ്രാർത്ഥന ചൊല്ലിയിരുന്നു. മൂന്ന് വർഷത്തിനിടയിൽ ഗൾഫിലേയ്ക്ക് മാർപ്പാപ്പ നടത്തിയ രണ്ടാമത്തെ സന്ദർശനമായിരുന്നു ഇത്.