
ബീജിംഗ് : തങ്ങളുടെ ' ടിയാംങ്ങ്ഗോങ്ങ്" ബഹിരാകാശ നിലയത്തിലേക്ക് കുരങ്ങുകളെ എത്തിക്കാൻ പദ്ധതിയുമായി ചൈന. ബഹിരാകാശത്ത് കുരങ്ങുകളുടെ വളർച്ച, പ്രത്യുൽപാദനം എന്നിവ എങ്ങനെയായിരിക്കുമെന്ന പഠനത്തിന്റെ ഭാഗമായാണ് ആലോചന. ടിയാൻഗോങ്ങിന്റെ ഏറ്റവും വലിയ മോഡ്യൂളിലേക്കാകും കുരങ്ങിനെ എത്തിക്കുക.
മത്സ്യം, ഒച്ച് പോലുള്ള ചെറു ജീവികളിൽ പഠനം നടത്തിക്കഴിഞ്ഞതിനാലാണ് എലി, കുരങ്ങ് എന്നിവയെ വച്ചുള്ള ഗവേഷണങ്ങളിലേക്ക് കടക്കുന്നത്. മൈക്രോഗ്രാവിറ്റി പോലുള്ള ബഹിരാകാശ അന്തരീക്ഷങ്ങളിൽ ഇത്തരം ജീവികൾ എങ്ങനെ അതിജീവനം സാദ്ധ്യമാക്കുമെന്ന് പഠനത്തിലൂടെ വ്യക്തമാകും. എന്നാൽ ഇതിൽ ഏറെ സങ്കീർണതകളുണ്ടെന്നും ചൈനീസ് ഗവേഷകർ പറയുന്നു.
സെലിബ്രിറ്റികളായ ഏബിളും ബേക്കറും
ബഹിരാകാശ ശാസ്ത്രത്തിൽ മനുഷ്യൻ ഇന്ന് കൈവരിച്ചിരിക്കുന്ന പുരോഗതികളുടെ തുടക്കം മൃഗങ്ങളിൽ നിന്നാണെന്ന് നമുക്കറിയാം. ഭൂമിയിൽ നിന്ന് ബഹിരാകാശത്തെത്തിയ ആദ്യ ജീവിയാണ് ' ലെയ്ക ' എന്ന നായ. സോവിയറ്റ് യൂണിയന്റെ സ്പുട്നിക് 2 പേടകത്തിൽ 1957 നവംബർ 3നാണ് ലെയ്ക ബഹിരാകാശത്തെത്തിയത്. രണ്ട് വർഷങ്ങൾക്ക് ശേഷം 1959 മേയ് 28ന് ഏബിൾ, ബേക്കർ എന്നീ സ്ക്വിറൽ കുരങ്ങൻമാരെ ഒരു ബാലിസ്റ്റിക് മിസൈലിൽ ഫ്ലോറിഡയിലെ കേപ് കനാവെറലിലെ നാസയുടെ ലോഞ്ച് സെന്ററിൽ നിന്ന് വിക്ഷേപിക്കുകയുണ്ടായി.
ഇരുവരും അന്തരീക്ഷത്തിൽ നിന്ന് 300 മൈൽ ഉയരത്തിൽ ബഹിരാകാശത്തേക്ക് പറന്നു. 16 മിനിറ്റ് കൊണ്ട് ഇരുവരും വിജയകരമായി ഭൂമിയിൽ തിരിച്ചെത്തുകയും ചെയ്തു. പിന്നീട് സെലിബ്രിറ്റി പരിവേഷം ലഭിച്ച ഇരുവരും ലൈഫ് ഉൾപ്പെടെയുള്ള മാഗസിനുകളുടെ കവർ ചിത്രങ്ങളിൽ വരെ പ്രത്യക്ഷപ്പെട്ടു. ബഹിരാകാശ യാത്രയ്ക്ക് ശേഷം ഭൂമിയിലേക്ക് മടങ്ങിവന്ന ആദ്യത്തെ ജീവികളാണിരുവരും.
ഭൂമിയിൽ തിരിച്ചെത്തി നാലാം ദിവസം ഹൃദയാഘാതത്തെ തുടർന്ന് ഏബിൾ ചത്തിരുന്നു. അലബാമയിലെ നാഷണൽ എയർ ആൻഡ് സ്പേസ് മ്യൂസിയത്തിൽ ഏബിളിന്റെ മൃതദേഹം സ്റ്റഫ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. അതേ സമയം, ബേക്കർ 25 വർഷങ്ങൾക്ക് ശേഷം 1984ലാണ് ലോകത്തോട് വിടപറഞ്ഞത്.
1961ൽ യു.എസിന്റെ മെർക്കുറി - റെഡ്‌സ്റ്റോൺ 2 മിഷനിലൂടെ ' ഹാം " എന്നൊരു ചിമ്പാൻസി പിന്നീട് ബഹിരാകാശത്ത് എത്തിയിരുന്നു. 1983 വരെ ഹാം ജീവിച്ചു. വേറെയും ചിമ്പാൻസികളും കുരങ്ങുകളും പിന്നീട് ബഹിരാകാശത്ത് വിവിധ മിഷനിലുകളിലൂടെ എത്തിയിട്ടുണ്ട്.