sharon

തിരുവനന്തപുരം: പാറശാല ഷാരോൺ വധത്തിൽ അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് ഇന്നും തുടരും. പ്രതി ഗ്രീഷ്മയെ ഇന്നലെ തമിഴ്നാട്ടിലെ രാമവർമ്മൻ ചിറയിലെ വീട്ടിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ നിർണായക തെളിവുകളാണ് ലഭിച്ചത്. കഷായം ഉണ്ടാക്കിയ പാത്രവും അത് പകർന്നുനൽകാൻ ഉപയോഗിച്ച ഗ്ലാസും വിഷത്തിന്റേതെന്ന് സംശയിക്കുന്ന പൊടിയുമാണ് കിട്ടിയത്. ഈ പൊടിയാണോ ഉപയോഗിച്ചതെന്ന് ഫോറൻസിക് പരിശോധനയ്ക്കു ശേഷമേ അറിയാനാകൂ. ഗ്രീഷ്മയുടെ പിതാവിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി.

ഇന്നലെ രാവിലെ പത്തരയോടെയാണ് കേരള-തമിഴ്നാട് പൊലീസിന്റെ വൻ സംഘം തെളിവെടുപ്പിനെത്തിയത്. കറുത്ത ഷാൾകൊണ്ട് ഗ്രീഷ്മയുടെ മുഖം മറച്ചിരുന്നു. കൈവിലങ്ങ് അണിയിച്ചിരുന്നില്ല. തെളിവെടുപ്പിനിടെ ഷാരോൺ വന്ന ദിവസത്തെ സംഭവങ്ങൾ ഗ്രീഷ്മ വിശദീകരിച്ചു.

ഇരുവരും ലിവിംഗ് റൂമിൽ അല്പനേരം ചെലവഴിച്ചശേഷം കിടപ്പുമുറിയിലേക്ക് പോയി.ഇവിടെവച്ചാണ് വിഷംകലക്കിയ കഷായം നൽകിയതെന്ന് ഗ്രീഷ്മ സമ്മതിച്ചു.അലമാരയിൽ സൂക്ഷിച്ചിരുന്ന താലിയും ചരടും പരീക്ഷയിൽ ജയിച്ചപ്പോൾ ഷാരോൺ കൊടുത്ത വളയും പൊലീസ് കണ്ടെടുത്തു.

പലതവണ ജ്യൂസിൽ വിഷം കലക്കി ഷാരോണിനെ കൊല്ലാൻ ശ്രമിച്ചെന്ന് ഗ്രീഷ്മ സമ്മതിച്ചതായി സൂചനയുണ്ട്. ഷാരോണിന്റെ വീട്ടിൽ വച്ച് വിവാഹം നടത്തിശേഷം കോളേജ് ടൂറെന്ന് പറഞ്ഞ് തൃപ്പരപ്പ് ശിവക്ഷേത്രത്തിനു സമീപമുള്ള റിസോർട്ടിൽ മൂന്നു ദിവസം താമസിച്ചിരുന്നതായി സൂചനയുണ്ട്. ഇന്ന് ഗ്രീഷ്മയുമായി അവിടെയെത്തി തെളിവ് ശേഖരിക്കും. രാത്രി ഏഴരയോടെ തെളിവെടുപ്പ് പൂർത്തിയാക്കി ഗ്രീഷ്മയെ വിളപ്പിൽശാല പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.