mayor

തിരുവനന്തപുരം: നഗരസഭയിൽ താൽക്കാലിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ നൽകിയ പരാതി ഡി ജി പി ഇന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറും. മ്യൂസിയം പൊലീസ് ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യും.

സംഭവത്തിന്റെ നിജസ്ഥിതി കൃത്യമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മേയർ ആര്യാ രാജേന്ദ്രൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. തുടർന്ന് അദ്ദേഹം അത് ഡി ജി പിക്ക് കൈമാറുകയായിരുന്നു.

തന്റെ പേരിൽ ജില്ലാ സെക്രട്ടറിക്ക് അയച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന കത്ത് താനറിയാതെ തയ്യാറാക്കി ഒപ്പിട്ടതാണെന്നും, തന്നെ മന:പൂർവ്വം ലക്ഷ്യം വയ്ക്കുന്ന ചില കോണുകളിൽ നിന്നുള്ള പ്രചരണമാണോയിതെന്ന് സംശയമുണ്ടെന്നുമാണ് മേയറുടെ പരാതിയിൽ പറയുന്നത്.

അതേസമയം, കത്ത് വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ബി ജെ പി കൗൺസിലർമാർ ഇന്ന് ഗവർണർക്ക് പരാതി നൽകും. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുപ്പത്തിയഞ്ച് ബി ജെ പി കൗൺസിലർമാരാണ് ഉച്ചയ്‌ക്ക് പന്ത്രണ്ടരയ്‌ക്ക് ഗവർണരെ കാണുന്നത്. മേയർ സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും നഗരസഭയിലെ കരാർ നിയമനങ്ങളിൽ അന്വേഷണം വേണമെന്നുമാണ് ബി ജെ പിയുടെ ആവശ്യം.