
ഉദിയൻകുളങ്ങര: ഷാരോൺ രാജ് വധക്കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മ നേരത്തേ നടത്തിയ 'ജ്യൂസ് ചലഞ്ച്' കൊലപാതകത്തിന് തയാറെടുക്കാനുള്ള ട്രയലായിരുന്നുവെന്ന് പൊലീസ്. ജ്യൂസിൽ ചെറിയ തോതിൽ വിഷം കലർത്തി ഷാരോണിന് പലപ്പോഴായി നൽകിയിരുന്നുവെന്ന് ഗ്രീഷ്മ മൊഴി നൽകി. അതേസമയം ജ്യൂസിൽ വിഷം നൽകി കൊല്ലാൻ ശ്രമിച്ചതിനുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതാണ് പൊലീസിന് മുമ്പിലുള്ള വെല്ലുവിളി. എന്ത് വിഷമാണ് കലർത്തിയതെന്ന് തുടങ്ങി നിരവധി വിശദാംശങ്ങൾ ഇനിയും പുറത്തു വരേണ്ടതുണ്ട്.
ഗ്രീഷ്മയുടെ മൊഴിയോടെ ഷാരോണിന്റെ അമ്മ നേരത്തെ പറഞ്ഞിരുന്ന സംശയങ്ങളാണ് ബലപ്പെട്ടത്. ' മകന് ജ്യൂസിൽ പല തവണ ഗ്രീഷ്മ സ്ലോ പോയ്സൺ ചേർത്തു കൊടുത്തിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പലതവണ ഷാരോണിന് ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. തുടർന്ന് മകനെ സെപ്തംബർ അവസാനം ഞങ്ങൾ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. മരുന്ന് കഴിച്ചപ്പോൾ അത് ശരിയായി.'രണ്ടാം തവണ ഇവർ അടുത്തതിന് ശേഷമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മകന് അനുഭവപ്പെട്ടു തുടങ്ങിയത്' – എന്നായിരുന്നു ഷാരോണിന്റെ അമ്മയുടെ മൊഴി.
വികാരാധീനയായി ഗ്രീഷ്മ
തെളിവെടുപ്പിനിടെ തന്റെ വിജയങ്ങളിൽ ലഭിച്ച പുരസ്‌കാരങ്ങളും ട്രോഫികളും മറ്റും കണ്ടതോടെ ഗ്രീഷ്മ വികാരാധീനയായി. അറസ്റ്റിന് ശേഷം ആദ്യമായാണ് ഗ്രീഷ്മയെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നത്. പ്രദേശവാസികളും മാദ്ധ്യമങ്ങളുമടക്കം പ്രദേശത്ത് ചെറുതല്ലാത്ത ആൾക്കൂട്ടമുണ്ടായിരുന്നെങ്കിലും ഒന്ന് തലയുർത്തി നോക്കുക പോലും ചെയ്യാതെയാണ് ഗ്രീഷ്മ തെളിവെടുപ്പിനെത്തിയത്. ഗ്രീഷ്മയുടെ വക്കീലും തെളിവെടുപ്പ് നടക്കുന്നിടത്ത് എത്തിയിരുന്നു.
തെളിവ് നശിപ്പിക്കാനോ?
കഴിഞ്ഞ ദിവസം സീലും പൂട്ടും തകർത്ത് അജ്ഞാതൻ അകത്ത് കടന്നത് തെളിവുകൾ നശിപ്പിക്കാനെന്ന സംശയവും ബലപ്പെട്ടു. വീട്ടിൽ നിന്ന് വിലപ്പെട്ട സാധനങ്ങളൊന്നും നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം പളുകൽ പൊലീസിനാണ്.
ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും വീട്ടിലെത്തി പരിശോധിച്ചിരുന്നു. വിവാദമായ കേസായിരുന്നിട്ട് കൂടി സീൽ ചെയ്‌ത് പൂട്ടി തെളിവുകൾ സംരക്ഷിച്ചിരുന്ന വീട്ടിന് കാവലിന് ഒരു പൊലീസുകാരനെപ്പോലും നിറുത്താതിരുന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.
ദിവസങ്ങൾക്ക് മുൻപ് ഗ്രീഷ്‌മയുടെ മാതാവ് സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് തമിഴ്നാട് പൊലീസ്, പളുകൽ വില്ലേജ് ഓഫീസർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ക്രൈംബ്രാഞ്ച് അധികൃതർ വീടിന്റെ പിൻവശത്തെ ഒന്നും മുൻഭാഗത്തെ രണ്ട് ഗേറ്റുകളും സീൽ ചെയ്തത്.