tvm

തിരുവനന്തപുരം: നഗരസഭയിൽ 295 താത്കാലിക ജീവനക്കാരെ നിയമിക്കുന്നതിനായി സി.പി.എം ജില്ലാ സെക്രട്ടറിക്ക് മേയർ കത്ത് നൽകിയെന്ന വിവാദം നിലനിൽക്കേ കത്ത് പ്രിന്റ് ചെയ്‌തത് നഗരസഭയിൽ നിന്നെന്ന് സൂചന. എന്നാൽ കത്തിലെ ഒപ്പ് മേയറുടേതല്ലെന്ന് കണ്ടെത്തി. ഇൻഷ്യലായ 'എസ് ' ഇൽ തുടങ്ങുന്നതാണ് മേയറുടെ ഒപ്പ്. എന്നാൽ പ്രചരിക്കുന്ന കത്തിലെ ഒപ്പ് മറ്റൊന്നാണ്.

നഗരസഭയിൽ നിന്ന് കത്ത് തയ്യാറാക്കി പ്രിന്റ് ചെയ്‌ത ഭരണസമിതിയിലുള്ളയാൾ വഴിയാണ് ആ കത്ത് പുറത്തുപോയത്. നഗരസഭയിലെ കമ്പ്യൂട്ടറിൽ നിർമ്മിച്ച് അത് അവിടെ നിന്ന് തന്നെ പ്രിന്റ് ചെയ്‌തശേഷം മൊബൈൽ ഫോൺ വഴി ഭരണസമിതി അംഗം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് വാട്സാപ്പ് വഴി അയച്ചപ്പോഴാണ് കത്ത് ചോർന്നത്.

കത്തില്ലെങ്കിലും ജില്ലാ സെക്രട്ടറിയെ

അറിയിക്കുന്ന പതിവുണ്ട്

നഗരസഭയിൽ ഒഴിവുള്ള താത്കാലിക നിയമനങ്ങളുടെ വിവരങ്ങൾ മേയർ ജില്ലാ സെക്രട്ടറിയെ അറിയിക്കുന്ന പതിവുണ്ട്. എന്നാൽ അത് ഔദ്യോഗകമായി കത്തുവഴി അറിയിക്കണമെന്നില്ല. ഇത് കാലങ്ങളായുള്ള പതിവാണ്. നഗരസഭയിലെ താത്കാലിക നിയമനത്തിൽ ഒരു പരിധി വരെ പാർട്ടിയും യൂണിയനും ഇടപെടുന്നുണ്ട്. ഈ ഭരണസമിതിയുടെ കാലത്ത് നടത്തിയ സുതാര്യമായ നിയമനത്തിൽ യൂണിയന് അതൃപ്‌തിയുണ്ടായിരുന്നു. ജില്ലാ ഘടകത്തിന് പരാതിയെത്തിയ ശേഷമാണ് താത്കാലിക നിയമനങ്ങൾ പാർട്ടിയെയും അറിയിക്കണമെന്ന് നിർദ്ദേശിച്ചത്. അതനുസരിച്ച് മേയർ തന്നെ സെക്രട്ടറിയോട് കാര്യങ്ങൾ വിശദീകരിക്കാറുണ്ട്.

പൊലീസ് അന്വേഷണം പൊല്ലാപ്പാകും

കത്ത് വ്യാജമാണെന്ന് തെളിയിക്കുകയാണ് ആദ്യ ഘട്ടത്തിലെ ശ്രമം. താൻ അറിയാതെ തന്റെ പേരിൽ തന്റെ ഒപ്പുപോലുമല്ലാത്ത കത്താണ് പ്രചരിക്കുന്നതെന്ന് മേയർ ആര്യാ രാജേന്ദ്രൻ തന്നെ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് മേയർ പൊലീസിൽ പരാതി നൽകിയത്. എന്നാൽ പൊലീസ് അന്വേഷണം ഭരണസമിതി അംഗത്തിലെത്തുമെന്നത് വേറെ പൊല്ലാപ്പുണ്ടാക്കും. അന്വേഷണം ആവശ്യപ്പെട്ടില്ലെങ്കിൽ മേയർ തന്നെ വെട്ടിലാകും. മേയറെ രക്ഷിച്ച് കൂടുതൽ വഷളാകുന്ന കാര്യത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നത് തടയാനാണ് പാർട്ടിയുടെ ഈ നീക്കമെന്നും സൂചനയുണ്ട്.