
ഡോ. ഫറ ഉസ്മാനി
വിഭാഗീയതയുടെ മുറിവുകളിലൂടെ രക്തം വാർന്നുകൊണ്ടേയിരിക്കാനായി പ്രവർത്തിക്കുന്ന ക്രൂര മനസ്സുകൾ ഏറുന്നോ എന്നു സംശയിക്കപ്പെടേണ്ട കാലത്ത് മുറിവിൽ ലേപനം പുരട്ടുന്നവർ ശ്രദ്ധിക്കപ്പെടാതിരുന്നുകൂടാ. അത്തരമൊരു കൂട്ടായ്മയുടെ ചിന്തകളുടെയും ഗവേഷണങ്ങളുടെയും ഫലമാണ് ആർ.ബി.ടി.സി. 100. റൈസിങ് ബിയോണ്ട് ദ് സീലിങ്: 100 ഇൻസ്പയറിങ് മുസ്ലിം വിമൻ ഓഫ് കേരള എന്ന രചന പ്രചോദനത്തിന്റെയും ഓർമപ്പെടുത്തലിന്റെയും നൂറു ജീവിതകഥകളാകുന്നു. ലോകത്തിനായി സംഭാവനകൾ അർപ്പിച്ചവരിൽ ഞങ്ങളുണ്ട് എന്ന പൊങ്ങച്ചക്കാരുടെ കഥപറച്ചിലല്ല; മറിച്ച് ഈ നൂറു പേരെ കാണാതെ പോകരുത് എന്നു ചരിത്രത്തെ ഓർമപ്പെടുത്തലാണ് ഇത്.ഏതൊക്കെ മേഖലകളിൽ കേരളത്തിലെ മുസ്ലിം സ്ത്രീകൾ വെന്നിക്കൊടി പാറിച്ചു എന്നതു സംബന്ധിച്ച പ്രാഥമിക വിലയിരുത്തൽ പുസ്തകത്തിൽ നിർവഹിക്കപ്പെട്ടിട്ടുണ്ട്. അവതരണ ഭംഗിക്കായി വിവിധ മേഖലകളെ ഓരോ അദ്ധ്യായങ്ങളായി തിരിച്ച് അതതു മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ പരിചയപ്പെടുത്തിയിരിക്കുകയാണ്.
എല്ലാ മുസ്ലിം സ്ത്രീകളും ഒറ്റക്കല്ലിൽനിന്നു കൊത്തിയെടുക്കപ്പെട്ടവരല്ല എന്ന് ആഗോള നയതന്ത്ര രംഗത്ത് ഉന്നത പദവികൾ അലങ്കരിച്ചിട്ടുള്ള ഡോ. ഫറ കെ.ഉസ്മാനി 'ആർ.ബി.ടി.സി. 100'ന്റെ ആമുഖത്തിൽഓർമിപ്പിക്കുന്നുണ്ട്. എണ്ണത്തിൽ 10 കോടിയോളം വരുന്ന ഇന്ത്യയിലെ മുസ്ലിം സ്ത്രീകൾ പല രീതിയിൽ രാഷ്ട്രപുരോഗതിക്കു വളമേകിയെന്നു വ്യക്തമാക്കിയാണ് റൈസിങ് ബിയോണ്ട് ദ് സീലിങ് സ്ഥാപകയും അധ്യക്ഷയുമായ അവർ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.കേരളത്തിലെ മുസ്ലിം സ്ത്രീകളെ സംബന്ധിച്ച അപഗ്രഥനം പുസ്തകത്തിന്റെ ആദ്യഭാഗത്തുതന്നെ വായിക്കാം. 50 ലക്ഷത്തോളം വരുന്ന കേരള മുസ്ലിം വനിതകൾ ഇന്ത്യൻ മുസ്ലിം സമൂഹത്തിൽ മുൻപന്തിയിൽ നിൽക്കുന്നു എന്നു വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും അഭ്യസ്തവിദ്യരായ മുസ്ലിങ്ങൾഉള്ളതും കേരളത്തിലാണ്. അവരാണ് ഇന്ത്യയിലെ ഏറ്റവും വികസനമാർജിച്ച ഇസ്ലാമിക സമൂഹവും. ആഗോള മധ്യവർഗത്തിന്റെ ഭാഗവുമാണ് അവർ.ഫറ ഉസ്മാനിക്കൊപ്പം അമീർഅഹമ്മദ്, ഷാഹീൻ ഉസ്മാനി, പി.അനീസുന്നീസ, അഫ്സൽ എടപ്പകത്ത് എന്നിവരാണ് പുസ്തകത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. അഫ്സൽ എടപ്പകത്തും അമീർ അഹമ്മദും ചേർന്ന് പുസ്തകത്തിന് ഉപസംഹാരക്കുറിപ്പും തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത് 1930കളിൽ യാഥാസ്ഥിതികതയെ മറികടന്ന് തലശ്ശേരിയിലെ മാളിയേക്കൽ മറിയുമ്മ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയതു വിപ്ലവകരമായ കുതിച്ചുചാട്ടമായിരുന്നു എന്നാണ്.
ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിലെ ന്യായാധിപ സ്ഥാനത്തെത്തിയ പ്രഥമ വനിത ജസ്റ്റിസ് ഫാത്തിമ ബീവി മുതൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് ജേതാവ് പതിനൊന്നു വയസ്സുകാരി ലൈബ അബ്ദുൽ ബാസിത് വരെ പുസ്തകത്തിൽ ഇടം നേടിയിട്ടുണ്ട്.
ഫോൺ - 9496366113