mayor-

തിരുവനന്തപുരം: കോർപ്പറേഷനിലെ കത്തുവിവാദം പുതിയ തലങ്ങളിലേക്ക് കടക്കുന്നതിനിടെ മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ കത്ത് തയ്യാറാക്കിയത് സി പി എമ്മിന്റെ ഒരു ‍ഏരിയ കമ്മിറ്റി അംഗമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. നഗരത്തിലെ പല താൽക്കാലിക നിയമനങ്ങളും നിയന്ത്രിക്കുന്നത് ഈ ഏരിയ കമ്മിറ്റി അംഗമാണ്.ഇദ്ദേഹം കത്ത് തയ്യാറാക്കി ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. സെക്രട്ടറി ലോക്കൽ കമ്മിറ്റിക്ക് കീഴിലെ വാട്സാപ് ഗ്രൂപ്പുകളിൽ കത്ത് പങ്കുവച്ചു.അവിടെനിന്നാണ് കത്ത് പുറത്തായതെന്നാണ് അറിയുന്നത്.

പാർട്ടിയിലെ ഒരു ഉന്നത നേതാവിന്റെ എല്ലാ അനുഗ്രഹാശിസുകളോടെയുമാണ് ഇരുവരും പ്രവർത്തിക്കുന്നതെന്നാണ് പാർട്ടിയിൽ നിന്നുതന്നെ ലഭിക്കുന്ന സൂചന. ഉന്നത നേതാവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുക്കുന്നതും. കത്ത് വിവാദത്തിന് പിന്നാലെ ഇവരുടെ ഇടപാടുകളെക്കുറിച്ച് സംസ്ഥാന നേതൃത്വത്തിന് പരാതി എത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇരുവർക്കുമെതിരെ ശക്തമായ പാർട്ടി നടപടി ഏറക്കുറെ ഉറപ്പായിരിക്കുയാണ്. കത്ത് തയ്യാറാക്കിയത് ഏരിയാ കമ്മിറ്റി അംഗമാണെന്ന് വ്യക്തമായെങ്കിലും ഔദ്യോഗിക ലെറ്റർഹെഡിൽ കത്ത് തയാറാക്കിയത് എങ്ങനെയെന്നാണ് കണ്ടെത്താനായിട്ടില്ല.

അതിനിടെ, എസ്.എ.ടി ആശുപത്രിയിലെ വിശ്രമ മുറിയിലേക്ക് ജീവനക്കാരുടെ നിയമനത്തിന് ശുപാർശ ആവശ്യപ്പെട്ടുകൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് തയ്യാറാക്കിയത് താൻ തന്നെന്ന് സമ്മതിച്ച് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനും,പാർലമെന്ററി പാർട്ടി സെക്രട്ടറിയുമായ ഡി.ആർ. അനിൽ രംഗത്തെത്തി. എസ്.എ.ടി ആശുപത്രിയിലെ കൂട്ടിരിപ്പ് കേന്ദ്രം തുറന്നുകൊടുക്കുന്നില്ലെന്ന് നിരന്തരം പത്രവാർത്തകൾ വന്നതിന്റെ പശ്ചാത്തലത്തിലാണ് അവിടത്തെ നിയമനത്തിനായി ജില്ലാ സെക്രട്ടറിയോട് അഭ്യർത്ഥിക്കാമെന്ന് തീരുമാനിച്ചതെന്നായിരുന്നു അനിൽ പറഞ്ഞത്. കുടുംബശ്രീ വഴി നിയമം നടത്താം എന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ വേഗത്തിലാക്കാൻ ആനാവൂർ നാഗപ്പന് കത്തുകൊടുക്കാമെന്ന് കരുതിയത്. എന്നാൽ അത് തന്റെ ധാരണപ്പിശകായിരുന്നുവെന്ന് ഡി.ആർ അനിൽ പറഞ്ഞു. പാർട്ടി സെക്രട്ടറിയോട് നിയമനം നടത്താനല്ല ആവശ്യപ്പെട്ടത്. കത്ത് ഞാൻ തന്നെയാണ് തയ്യാറാക്കിയത്. എന്നാൽ അത് കൊടുത്തിട്ടില്ല. യോഗ്യരായ ആളുകളെ പാർട്ടി സെക്രട്ടറി ചൂണ്ടിക്കാണിക്കട്ടെ എന്ന് വിചാരിച്ചാണ് കത്ത് തയ്യാറാക്കിയതെന്നും ഡി.ആർ അനിൽ പറഞ്ഞു.

വഷളാക്കിയത് ചേരിപ്പോര്

ജില്ലാ നേതൃത്വത്തിൽ പല തട്ടിലായുള്ള ചേരിപ്പോരാണ് പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന തരത്തിൽ കാര്യങ്ങൾ വഷളാക്കിയതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിഗമനം. കത്ത് ചോർന്ന് വാർത്തയായതിൽ നഗരസഭയിലെ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായെന്ന് പാർട്ടി വിലയിരുത്തുന്നു. ഇന്ന് ചേരുന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങൾ വിഷയം ചർച്ച ചെയ്യും. വഞ്ചിയൂർ ഏരിയാ സെന്ററിന്റെ ഭാഗമായ ഡി.ആർ. അനിലിനോട് വിശദീകരണം തേടാൻ കീഴ്ഘടകത്തോട് നിർദ്ദേശിച്ചേക്കും. മേയറുടെ കത്തിന് പിന്നാലെ അനിലിന്റെ പേരിലുള്ള മറ്റൊരു കത്ത് ചോർന്നതും ചേരിപ്പോരിന്റെ ഭാഗമാണോയെന്ന് പരിശോധിച്ച് നടപടിയെടുക്കും.

ഇന്നലെ അടിയന്തരമായി ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ മേയറെയും ഡി.ആർ. അനിലിനെയും വിളിച്ചുവരുത്തി വിശദീകരണം തേടി. താനറിയാതെയാണ് കത്ത് പോയതെന്നാണ് മേയർ വിശദീകരിച്ചത്. ഓഫീസിൽ മേയറില്ലാത്തപ്പോഴും അത്യാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കാനായി സ്പെസിമെൻ ഒപ്പുള്ള ലെറ്റർപാഡ് സൂക്ഷിക്കാറുണ്ട്. മേയർ തലസ്ഥാനത്തില്ലാത്ത ദിവസമാണ് കത്ത് പോയതെന്നതും, മേയർ നേരിട്ട് ഒപ്പു വച്ചിട്ടില്ലെന്നതുമാണ് സി.പി.എമ്മിന് പിടിവള്ളി.