
ചെന്നൈ: മലയാളി സ്ത്രീകളെ മതം മാറ്റി ഐസിസിൽ എത്തിച്ചെന്ന പ്രമേയത്തിലൊരുക്കിയ ഹിന്ദി ചിത്രം 'കേരളാ സ്റ്റോറി'ക്കെതിരെ പരാതി. സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട് സ്വദേശിയായ മാദ്ധ്യമപ്രവർത്തകൻ സെൻസർ ബോർഡിന് പരാതി നൽകിയത്. ഭീകരവാദികളെ പിന്തുണയ്ക്കുന്ന സ്ഥലമായി കേരളത്തെ ചിത്രീകരിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. ഈ സിനിമ നിരോധിക്കണം എന്നും മാദ്ധ്യമപ്രവർത്തകനായ ബി ആർ അരവിന്ദാക്ഷന്റെ പരാതിയിൽ പറയുന്നുണ്ട്.
വിപുൽ അമൃത് ലാൽ നിർമ്മിച്ച് സുദീപ്‌തോ സെൻ സംവിധാനം ചെയ്ത സിനിമയാണ് 'കേരളാ സ്റ്റോറി'. മുള്ളുവേലികൾ അതിരിടുന്ന സ്ഥലത്ത് നിന്ന് ഒരു യുവതി താൻ നഴ്സ് ആണെന്നും പേര് ശാലിനി ഉണ്ണികൃഷ്ണൻ ആണെന്നും പറയുന്നു. മതം മാറ്റി ഇപ്പോൾ ഫാത്തിമ ഭായ് എന്ന പേരിലാക്കി. അതിന് ശേഷം ഐസിസിൽ എത്തിച്ചു. ഇപ്പോൾ താൻ പാകിസ്ഥാൻ ജയിലിലാണെന്നും ട്രെയിലറിൽ പറയുന്നുണ്ട്. ഇത്തരത്തിൽ 32000 സ്ത്രീകളെ മതം മാറ്റിയെന്നും ഇത് യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ചതാണെന്നും സിനിമ അവകാശപ്പെടുന്നു. എന്നാൽ തെറ്റായ വിവരങ്ങളാണ് ശരിയെന്ന രീതിയിൽ നൽകുന്നതെന്നാണ് പരാതിയിൽ പറയുന്നത്.