vande-bharat-train

ചെന്നൈ: ദക്ഷിണേന്ത്യയുടെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിനിന്റെ ട്രയൽ റൺ ആരംഭിച്ചു. രാവിലെ ആറുമണിയ്ക്ക് ചെന്നൈ എം ജി രാമചന്ദ്രൻ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ച പരീക്ഷണ യാത്ര 504 കിലോമീറ്ററുകൾ താണ്ടി ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മൈസൂരുവിൽ എത്തിച്ചേരും.

ദക്ഷിണേന്ത്യയിൽ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ ഹൈസ്‌പീഡ് റെയിൽ നവംബർ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരുവിൽ ഫ്ളാഗ് ഓഫ് ചെയ്യും. രാജ്യത്തെ അഞ്ചാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്.

Chennai-Mysore Vande Bharat Express Trial run started from Chennai MG Ramachandran Central Railway station today. pic.twitter.com/d260lUwlqX

— ANI (@ANI) November 7, 2022

So finally the good news is here - the #VandeBharatTrain rolls into the jurisdiction of Chennai division for tomorrow's trial run up to Mysuru! #IndianRailways #VandeBharat pic.twitter.com/Z5KHEPaUu2

— Ananth Rupanagudi (@Ananth_IRAS) November 6, 2022

ബുധനാഴ്ച ഒഴികെ ബാക്കിയെല്ലാ ദിവസങ്ങളിലും ട്രെയിനിന്റെ സേവനം ലഭ്യമാകും. ചെന്നൈ സെൻട്രലിൽ നിന്ന് രാവിലെ 5.50ന് യാത്ര ആരംഭിച്ച് 12.30ന് മൈസൂരുവിൽ എത്തും. ചെന്നൈ പേരാമ്പൂർ, കട്ട്‌പാഡി ജംഗ്‌ഷൻ, ഗുഡുപള്ളി, മലൂർ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിനിന് ബംഗളൂരുവിലെ ക്രാന്തിവീര സംഗോളി റയന്ന സ്റ്റേഷനിൽ മാത്രമാണ് സ്റ്റോപ്പ് ഉണ്ടാവുക.

ട്രെയിനിന്റെ പതിനാറ് കോച്ചുകളിലും ഓട്ടോമാറ്റിക് വാതിലുകൾ, ജിപിഎസ് അധിഷ്ഠിത ഓഡിയോ-വിഷ്വൽ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ഓൺബോർഡ് ഹോട്ട്‌സ്‌പോട്ട് വൈ- ഫൈ എന്നിവ ഉണ്ടാകും. എക്‌സിക്യൂട്ടീവ് ക്ളാസിൽ റോട്ടേറ്റിംഗ് ചെയർ മാതൃകയിലെ ഇരിപ്പിടങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. എല്ലാ കോച്ചുകളിലും പാനീയങ്ങളും ആഹാരസാധനങ്ങളും ലഭ്യമാകുന്ന പാൻട്രികൾ ഉണ്ടായിരിക്കും.

എക്കണോമി ക്ളാസിലെ യാത്രക്കാ‌ർക്ക് 921 രൂപയായിരിക്കും നിരക്ക്. എക്‌സിക്യൂട്ടീവ് ക്ളാസിന് 1880 രൂപ, മൈസൂരു മുതൽ ബംഗളൂരുവരെ യാത്രചെയ്യുന്നതിന് 368, 768 എന്നീ നിരക്കുകളുമായിരിക്കും ഈടാക്കുക.