trivandrum-corporation

തിരുവനന്തപുരം: നിയമനക്കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ വൻ സംഘർഷം തുടരുന്നു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെ ബിജെപി കൗൺസിലർമാർ മുറിയിൽ പൂട്ടിയിട്ടു. ഇതിനെ സിപിഎം കൗൺസിലർമാർ ചോദ്യം ചെയ്തു. ബിജെപി കൗൺസിലർമാർ പ്രകടനമായി കോർപ്പറേഷനുള്ളിൽ കടക്കുകയായിരുന്നു. ഇതിനിടെ പൂട്ടിയിട്ടിരുന്ന ഒരു ഗ്രിൽ തുറക്കണമെന്ന് ബിജെപി കൗൺസിലർമാർ ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

അതേസമയം, കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ നൽകിയ പരാതി ഡി ജി പി ഇന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറും. മ്യൂസിയം പൊലീസ് ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യും. സംഭവത്തിന്റെ നിജസ്ഥിതി കൃത്യമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മേയർ ആര്യാ രാജേന്ദ്രൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. തുടർന്ന് അദ്ദേഹം അത് ഡി ജി പിക്ക് കൈമാറുകയായിരുന്നു. തന്റെ പേരിൽ ജില്ലാ സെക്രട്ടറിക്ക് അയച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന കത്ത് താനറിയാതെ തയ്യാറാക്കി ഒപ്പിട്ടതാണെന്നും, തന്നെ മന:പൂർവ്വം ലക്ഷ്യം വയ്ക്കുന്ന ചില കോണുകളിൽ നിന്നുള്ള പ്രചരണമാണോയിതെന്ന് സംശയമുണ്ടെന്നുമാണ് മേയറുടെ പരാതിയിൽ പറയുന്നത്.