35 വർഷത്തിനുശേഷം മണിരത്നത്തിനൊപ്പം
സേനാപതിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

ഉലകനായകൻ കമൽഹാസന്റെ 68-ാം പിറന്നാൾ ആഘോഷിച്ച് ചലച്ചിത്രലോകവും ആരാധകരും. രജനികാന്ത്, മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ താരങ്ങൾ കമൽഹാസന് ആശംസ നേർന്നു.
35 വർഷത്തെ ഇടവേളയ്കക്ക് ശേഷം ഉലകനായകൻ കമൽഹാസനും സംവിധായകൻ മണിരത്നവും ഒന്നിക്കുന്നതാണ് ആരാധകർക്കുള്ള പിറന്നാൾ സമ്മാനം. 'കെഎച്ച് 234 എന്നാണ് താത്കാലികമായി ചിത്രത്തിന് നൽകുന്ന പേര്. രാജ് കമൽ ഫിലിംസിന്റെ ബാനറിൽ കമൽഹാസനും മദ്രാസ് ടാക്കീസിന്റെ ബാനറിൽ മണിരത്നം, ആർ. മഹേന്ദ്രൻ, ശിവ ആനന്ദ് എന്നിവർ ചേർന്നാണ് നിർമാണം. എ.ആർ. റഹ്മാൻ സംഗീതം ഒരുക്കുന്ന ചിത്രം റെഡ് ജയിന്റ് മൂവിസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിനാണ് അവതരിപ്പിക്കുന്നത്.കമൽ ഹാസന്റെ 234-ാമത് ചിത്രമാണ് മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്നത്.2024ൽ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്.
അതേസമയംസംവിധായകൻ ഷങ്കറും കമൽഹാസനും ഒന്നിക്കുന്ന ഇന്ത്യൻ 2വിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. സേനാപതിയായി എത്തുന്ന കമൽഹാസന്റെ ലുക്ക് ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടത്.ചിത്രീകരണം പുരോഗമിക്കുന്ന ഇന്ത്യൻ 2 വിൽ കാജൽ അഗർവാൾ നായികയായി എത്തുന്നു.രാകുൽ പ്രീത്, സിദ്ധാർഥ് എന്നിവരാണ് മറ്റുതാരങ്ങൾ.
ആശംസ നേർന്ന് മുഖ്യമന്ത്രി
കമൽഹാസന് പിറന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'സമാനതകളില്ലാത്ത കലാകാരൻ, നിങ്ങൾ ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ജനാധിപത്യപരവും മതേതരവുമായ മൂല്യങ്ങളോടുള്ള നിങ്ങളുടെ അചഞ്ചലമായ വിധേയത്വം ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഇനിയും ഒരുപാട് വർഷങ്ങൾ സന്തോഷവും ആരോഗ്യവും നേരുന്നു,' എന്നാണ് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചത്.