ദക്ഷിണേന്ത്യയിലെ പ്രശസ്ത നർത്തക ദമ്പതികളാണ് ശ്രീകാന്തും ആശ്വതി ശ്രീകാന്തും. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖത്തിൽ തങ്ങളുടെ നൃത്ത, ജീവിത വിശേഷങ്ങൾ ദമ്പതികൾ പങ്കുവയ്ക്കുന്നു. നമ്മുടെ ഉള്ളിലെ കലാകാരൻ അല്ലെങ്കിൽ കലാകാരി തേടുന്നത് ആത്മസംതൃപ്തിയാണെന്ന് അശ്വതി പറയുന്നു. 'ഒന്നരമണിക്കൂർ അല്ലെങ്കിൽ രണ്ട് മണിക്കൂർ നൃത്തം ചെയ്താൽ കിട്ടുന്ന ആത്മസംതൃപ്തിയുണ്ട്. അത് പറഞ്ഞറിയിക്കാൻ പറ്റില്ല. അതാണ് ആദ്യം. രണ്ടാമതാണ് പ്രേക്ഷകർ.'- നർത്തകി വ്യക്തമാക്കി.

ഡ്യൂയറ്റ് പെർഫോർമൻസിനും സോളോ പെർഫോർമൻസിനും പ്ലസും മൈനസും ഉണ്ടെന്ന് ശ്രീകാന്ത് പറയുന്നു. 'സോളോ ചെയ്യുമ്പോൾ ഒരു ഫ്രീഡം ഉണ്ട്. അതായത് എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അതിനെ മറയ്ക്കാൻ നമുക്ക് അവകാശമുണ്ടാകും. അത് ഒരു പ്ലസ് പോയിന്റാണ്. ഡ്യൂയറ്റ് ചെയ്യുമ്പോൾ കോർഡിനേറ്റായിരിക്കണം. അതിന്റെ ഒരു പ്രയോജനം എന്താണെന്നുവച്ചാൽ മെയിൽ- ഫീമെയിൽ എനർജി അതിന്റെയൊരു ആകർഷകത്വം ഉണ്ട്.'- ശ്രീകാന്ത് പറഞ്ഞു.
ഡ്യൂയറ്റിൽ പങ്കാളിയുമായി ഒരേ താളത്തിലെത്താൻ കുറേ വർഷമെടുക്കുമെന്ന് അശ്വതി വ്യക്തമാക്കി. 'ഞങ്ങളെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. പേർഫെക്ട് സിങ്കിലേക്ക് വരാൻ പത്ത് വർഷത്തോളമെടുത്തു. ഇപ്പോഴും നൂറ് ശതമാനം പെർഫെക്ട് എന്ന് പറയാൻ പറ്റില്ല. പക്ഷേ ശ്രീകാന്ത് ഒന്ന് മാറ്റി ചെയ്താൽ അത് ഗ്രഹിക്കാൻ എനിക്ക് പറ്റും. അത് പത്ത് പതിനഞ്ച് വർഷം മുൻപായിരുന്നെങ്കിൽ ഒരുപക്ഷേ കുറച്ച് ബുദ്ധിമുട്ടിയേനെ. ഞങ്ങൾ രണ്ടുപേരും രണ്ട് ഗുരുക്കന്മാരുടെയടുത്ത് പഠിച്ച് വന്നവരാണ്. മാനസികമായി അടുപ്പത്തിലേക്ക് എത്താൻ സമയമെടുക്കും.'- നർത്തകി പറഞ്ഞു.
മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരനും അശ്വതിയുടെ പിതാവുമായ എം ടി വാസുദേവൻ നായർക്ക് അടുത്തിടെയാണ് കേരള ജ്യോതി പുരസ്കാരം ലഭിച്ചത്. ഈ സന്തോഷവും ദമ്പതികൾ പങ്കുവച്ചു. പിതാവ് സുഖമായിരിക്കുന്നുവെന്നും ഇപ്പോൾ ദൂരയാത്രകൾ കുറവാണെന്നും അശ്വതി വ്യക്തമാക്കി.