arya-rajendran

തിരുവനന്തപുരം: ''അഴിമതി മുക്തമായ ഭരണമാണ് ഞാൻ ലക്ഷ്യമിടുന്നത്. ഭരണരംഗത്തേക്ക് കടന്നുവരുന്നവർക്ക് പ്രായമെന്നത് പക്വതയെ തീരുമാനിക്കുന്ന ഘടകമായി കണക്കാക്കുന്നില്ല. പ്രായക്കുറവിന്റെ പേരിൽ വിമർശിക്കുന്നവർ ചെറുപ്പത്തിലേ മേയറാകാൻ കഴിയാത്തവരാണ്. അവർക്ക് വാക്കുകൊണ്ടല്ല വികസന പ്രവർത്തനങ്ങളിലൂടെ മറുപടി നൽകുക''. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ബഹുമതിയുമായി ചുമതലയേറ്റ ശേഷം ആര്യാ രാജേന്ദ്രൻ പറഞ്ഞ വാക്കുകളാണിത്. എന്നാൽ തുടക്കം മുതലേ അഴിമതി വിവാദങ്ങൾ ഏറ്റു വാങ്ങാനായിരുന്നു മേയറുടെ നിയോഗം.

ഇരുപത്തിയൊന്ന് വയസുകാരി ഒരു കോർപ്പറേഷന്റെ അമരത്ത് എത്തുന്നത് രാജ്യമൊട്ടാകെ പ്രകീർത്തിക്കപ്പെട്ടു. യുവജനങ്ങൾക്ക് ഭരണച്ചുമതല കൈമാറിയെന്ന സന്ദേശത്തിന്റെ മുഖപടത്തിൽ സിപിഎം ആര്യയുടെ നിയമനത്തെ കൊട്ടിഘോഷിക്കുകയും ചെയ്‌തു. പക്ഷേ മേയറെ കാത്തിരുന്നത് അഴിമതിയാരോപണങ്ങളുടെ ശരമാരിയായിരുന്നു. ആറ്റുകാൽ പൊങ്കാലയിൽ തുടങ്ങി ഇന്ത്യ കണ്ട ഏറ്റവും വലിയ നിയമന വിവാദങ്ങളിലേക്ക് ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതി എത്തി നിൽക്കുന്നു.

ആറ്റുകാൽ പൊങ്കാല വിവാദം

ആറ്റുകാൽ പൊങ്കാല ശുചീകരണത്തിന് ടിപ്പർ ലോറികൾ വാടകയ്‌ക്കെടുത്ത സംഭവത്തിലായിരുന്നു ആദ്യ വിവാദം. കൊവിഡ് കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വീടുകളിലാണ് ഭക്തർ പൊങ്കാലയർപ്പിച്ചത്. പൊങ്കാലയ്ക്കുശേഷം മാലിന്യം നീക്കം ചെയ്യാനെന്ന പേരിൽ 21 ടിപ്പർ ലോറികൾ വാടകയ്ക്ക് എടുത്തതായാണ് തിരുവനന്തപുരം കോർപ്പറേഷൻ രേഖകളിലുള്ളതെന്നാണ് ആരോപണം. ലോറികൾക്ക് വാടകയായി 3,57,800 രൂപ ചെലവഴിച്ചതായാണ് പറയപ്പെടുന്നത്.

ഇതേ ദിവസം ശുചീകരണ തൊഴിലാളികൾക്ക് പൊറോട്ടയും ചിക്കനും വാങ്ങി നൽകിയെന്ന പേരിലും അര ലക്ഷത്തോളം രൂപയുടെ ബില്ലുണ്ടാക്കി. വിവാദമായതോടെ ബില്ലുകൾ പാസാക്കുന്നത് തടഞ്ഞു വച്ചു.

പൊങ്കാല വിവാദം കടുത്തതോടെ വിശദീകരണവുമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്തെത്തി. പൊങ്കാലക്കുശേഷം 28 ലോഡ് മാലിന്യം കോർപ്പറേഷൻ നീക്കം ചെയ്തുവെന്നും, ഇതിനാണ് 3,57,800 രൂപ ചെലവഴിച്ചതെന്ന് മേയർ ന്യായീകരിച്ചു. ക്ഷേത്രവളപ്പിൽ 5000 പേരെ പങ്കെടുപ്പിച്ച് പൊങ്കാല നടത്താനായിരുന്നു ആദ്യ തീരുമാനം. അതിനനുസരിച്ചുള്ള മുൻകരുതലെന്ന നിലയിലാണ് 21 ലോറികൾ ഏർപ്പെടുത്തിയതും അതിന് വാടക മുൻകൂർ അനുവദിച്ചതും. ഏറ്റവും ഒടുവിലാണ് വീടുകളിൽ പൊങ്കാല മതിയെന്ന് തീരുമാനിച്ചത്. അതോടെയാണ് പൊങ്കാല മാലിന്യങ്ങൾക്കൊപ്പം പൊതുമാലിന്യങ്ങളും ഈ ലോറി ഉപയോഗിച്ച് നീക്കാൻ തീരുമാനിച്ചതെന്നായിരുന്നു ആര്യ രജേന്ദ്രന്റെ വിശദീകരണം.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ്.നായർ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഈ പ്രശ്‌നത്തിൽ പരാതികൾ വർദ്ധിച്ച സാഹചര്യത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെങ്കിലും നടപടിയൊന്നും കൈകൊണ്ടില്ല.

corporation

പട്ടികജാതി ഫണ്ട് തട്ടിപ്പ്

പട്ടികജാതി വിഭാഗക്കാർക്ക് വിവാഹ, വിദ്യാഭ്യാസ പദ്ധതികൾക്കായി അനുവദിച്ച തുക മറ്റ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിനൽകി തട്ടിയെടുത്തു എന്നതായിരുന്നു അടുത്ത അഴിമതി. ക്രൈംബ്രാഞ്ചിന് കൈമാറിയ കേസിന്റെ അന്വേഷണത്തിൽ 1.04 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. എന്നാൽ ഇതിലുമധികം തുകയുടെ തട്ടിപ്പ് നടന്നതായാണ് ഓഡിറ്റ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൊലീസ് കൃത്യമായി അന്വേഷിക്കാത്തതിനാലാണ് ഇത് കണ്ടെത്താനാകാത്തത് എന്നാണ് ആക്ഷേപം. 10 പദ്ധതികൾക്കുള്ള ആനുകൂല്യങ്ങളിൽ നിന്നാണ് തട്ടിപ്പ് നടന്നത്. കൂടുതൽ തട്ടിപ്പ് നടന്നത് പഠനമുറി, ഭൂരഹിത പുനരധിവാസ പദ്ധതികളിലാണ്. അപേക്ഷകളില്ലാതെയും, വ്യാജ അപേക്ഷ വഴിയും, തട്ടിപ്പ് നടത്തുവരുടെ സ്വന്തം അക്കൗണ്ട് നമ്പർ വഴിയുമാണ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.

പട്ടികജാതി ഓഫീസിലെ ക്ലാർക്കും തട്ടിപ്പ് കേസിലെ മുഖ്യപ്രതിയുമായ യു. രാഹുലിനെ തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണസംഘം വേണ്ടവിധത്തിൽ ചോദ്യം ചെയ്തില്ലെന്ന ആക്ഷേപവും ഉയരുന്നിരുന്നു. 35 പേരുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയെന്ന് കണ്ടെത്തിയെങ്കിലും അതേപ്പറ്റിയുള്ള അന്വേഷണം നടന്നില്ല. തട്ടിപ്പ് നടത്താൻ പ്രതി ഉപയോഗിച്ച ലാപ്‌ടോപ്പ് മൊബൈൽ ഫോൺ എന്നിവ കണ്ടെത്താൻ സാധിക്കാത്തതും തിരിച്ചടിയായി. കൂടാതെ ഡി.വൈ.എഫ്.ഐ, സി.പി.എം ബന്ധമുള്ളവർ കൂടി പ്രതിപ്പട്ടികയിൽ വരാൻ സാദ്ധ്യതയുള്ളതിനാൽ അന്വേഷണത്തിന് രാഷ്ട്രീയ സമ്മർദ്ദവും ഏറെയായിരുന്നു.11 പേർക്കെതിരേ പൊലീസെടുത്ത കേസിൽ അറസ്റ്റ് കഴിഞ്ഞ് വിജിലൻസിന് കൈമാറിയെങ്കിലും തുടരന്വേഷണം നിലച്ചു. സസ്‌പെൻഷനിലായവർ തിരികെ സർവീസിൽ കയറുകയും ചെയ്‌തു.

കെട്ടിട നമ്പർ തട്ടിപ്പ്

ഉദ്യോഗസ്ഥരുടെ പാസ്‌വേഡും യൂസർ നെയിമും ഉപയോഗിച്ച് കോർപ്പറേഷനിലെ താൽക്കാലിക ജീവനക്കാരാണ് തട്ടിപ്പ് നടത്തിയത്. സഞ്ചയ സോഫ്റ്റ്‌വെയറിൽ കെട്ടിടത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്താനും പരിശോധിക്കാനും ഏത് കമ്പ്യൂട്ടറിൽ നിന്നും കഴിയും. ഇതിന് ഉദ്യോഗസ്ഥരുടെ യൂസർനെയിമും പാസ്‌വേഡും മാത്രം മതിയാകും. എന്നാൽ അനുമതി നൽകാനുള്ള ഡിജിറ്റൽ ഒപ്പ് കോർപ്പറേഷനിലെ കമ്പ്യൂട്ടറിൽ നിന്ന് മാത്രമേ നൽകാനാകൂ.


കേശവദാസപുരത്ത് നടന്ന തട്ടിപ്പിൽ, വിവരങ്ങൾ രേഖപ്പെടുത്തിയതും പരിശോധിച്ചതും പിടിയിലായ ബീനാകുമാരിയും സന്ധ്യയും ചേർന്നാണ്. ഇവർ സ്വന്തം മൊബൈൽ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. എന്നാൽ ഡിജിറ്റൽ ഒപ്പ് രേഖപ്പെടുത്തി അനുമതി നൽകിയത് റവന്യു ഓഫീസറുടെ യൂസർനെയിമും പാസ്‌വേഡും അറിയാവുന്ന കോർപ്പറേഷൻ ഓഫീസിലെ ഉദ്യോഗസ്ഥനാണ്. തട്ടിപ്പിന് കോർപ്പറേഷനിലെ കമ്പ്യൂട്ടർ ഉപയോഗിച്ചതിന് ചില താത്കാലിക ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റി നിറുത്തി. പൊലീസിന് അന്വേഷണം കൈമാറിയെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപനമല്ലാതെ കാര്യമൊന്നുമുണ്ടായില്ല.

protest

നികുതി തട്ടിപ്പ്

നികുതിയടക്കം വിവിധ കാര്യങ്ങൾക്കായി പൊതുജനം ഓഫീസുകളിലൊടുക്കിയ പണം ബാങ്കിലടയ്‌ക്കാതെ ഉദ്യോഗസ്ഥർ തട്ടിയെടുത്തതാണ് ഈ അഴിമതി. നേമം സോണൽ ഓഫീസിൽ നിന്ന് 26.74 ലക്ഷവും ആറ്റിപ്ര സോണലിൽ നിന്ന് 1.09 ലക്ഷവും ശ്രീകാര്യം സോണലിൽ നിന്ന് 5.12 ലക്ഷവുമാണ് നഷ്ടമായത്. നഗരസഭയിലെ നികുതി തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ മുന്നിൽനിന്ന ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കി നഗരസഭ നിയോഗിച്ച ആഭ്യന്തര അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് നൽകി. നേമം സോണലിലെ റവന്യൂ ഇൻസ്‌പെക്ടറായ സുധീർകുമാർ, ശ്രീകാര്യം സോണലിലെ റവന്യൂ ഇൻസ്‌പെക്ടറായ സുനിൽകുമാർ,ആറ്റിപ്ര സോണലിലെ കാഷ്യറായ അഖില ചന്ദ്രൻ എന്നിവരെ കുറ്റക്കാരാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ മുന്നിൽ നിന്ന സുനിൽകുമാറാണ് പിരിക്കുന്ന നികുതിപ്പണം അക്കൗണ്ടിലെത്തുന്നില്ലെന്ന് ആദ്യം കണ്ടെത്തിയത്. തുടർന്ന് ലോക്കൽഫണ്ട് ഓഡിറ്റ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. നേമം സോണലിൽ സൂപ്രണ്ടായിരുന്ന ശാന്തി നടത്തിയ തട്ടിപ്പിനെതിരെ നഗരസഭാ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം സുധീർകുമാറാണ് പൊലീസിൽ മൊഴി നൽകിയത്. മറ്റ് പല ഉദ്യോഗസ്ഥരും ശാന്തിക്കെതിരെ മൊഴി നൽകാൻ മടിച്ചുനിന്നപ്പോഴാണ് സുധീർ ഇതിന് തയ്യാറായത്. നേരത്തെ നടന്ന പൊലീസ് അന്വേഷണത്തിലൊന്നും ഇവർ പ്രതിയായിരുന്നില്ല. എന്നാൽ മൊഴി പോലും രേഖപ്പെടുത്താതെ നഗരസഭയുടെ ആഭ്യന്തര അന്വേഷണ കമ്മിഷൻ ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കുകയായിരുന്നു. വാദികളെ പ്രതികളാക്കി യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നഗരസഭയുടേതെന്നാണ് ആക്ഷേപം.

സ്വകാര്യ ഹോട്ടലിന് പൊതുമരാമത്ത് റോഡ്

തലസ്ഥാന നഗരത്തിലെ ഏറെ തിരക്കേറിയ എം ജി റോഡിൽ സ്വകാര്യ ഹോട്ടലിന് പാർക്കിംഗിനായി സ്ഥലം വാടകയ്ക്ക് നൽകിയ സംഭവമായിരുന്നു അടുത്ത പുലിവാല്. പാർക്കിംഗിന് സ്ഥലം അനുവദിച്ച കോർപറേഷന്റെ നടപടി ഏറെ വിവാദമായിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ റോഡാണ് പ്രതിമാസം 5,000 രൂപ വാടക ഈടാക്കി സ്വകാര്യ ഹോട്ടലിന് നൽകിയത്. മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയാണ് എം ജി റോഡിൽ ആയുർവേദ കോളേജിന് എതിർവശത്ത് ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിന് റോഡ് വാടകയ്ക്കുനൽകാൻ തീരുമാനമെടുത്തത്. കോർപ്പറേഷൻ സെക്രട്ടറിയും ഹോട്ടലുടമയും ചേർന്ന് ഇതിനായി 100 രൂപയുടെ പത്രത്തിൽ കരാറുണ്ടാക്കി ഒപ്പും വയ്ക്കുകയും ചെയ്തു.റോഡ് സുരക്ഷാ നിയമപ്രകാരം പാർക്കിംഗിന് റോഡ് അനുവദിക്കാൻ സർക്കാരിനുപോലും അനുവാദമില്ലെന്നിരിക്കെയാണ് പൊതുമരാമത്ത് വകുപ്പ് റോഡ് സ്വന്തം ഭൂമിയെന്നപോലെ സ്വകാര്യ ഹോട്ടലിന് പാർക്കിംഗിനായി മേയർ വാടകയ്ക്ക് നൽകിയത്.

സംഭവം പതിവുപോലെ വിവാദമായതോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടു. റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയറോട് ഇത് സംബന്ധിച്ച് റിപ്പോർട്ട് തേടുകയും കോർപ്പറേഷൻ നൽകിയ അനുമതി റദ്ദാക്കുകയുമായിരുന്നു.

കത്തിൽ കുടുങ്ങുമോ മേയർ?

നഗരസഭയിലെ താൽക്കാലിക നിയമനത്തിന് പാർട്ടിക്കാരുടെ പട്ടിക ചോദിച്ച് മേയർ സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ചതായി പ്രചരിക്കുന്ന വിവാദ കത്തിനെ സംബന്ധിച്ച ദുരൂഹത നീങ്ങുന്നില്ല. കത്ത് തന്റേതല്ലെന്നും ഉറവിടമന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും, കത്ത് വ്യാജമാണോയെന്ന് തെളിച്ച് പറയാതെ ഉരുളുകയാണ് മേയറും പാർട്ടിയും.

കത്ത് വ്യാജമാണോയെന്നതടക്കം അന്വേഷിക്കട്ടെയെന്നാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയ ശേഷം വാർത്താസമ്മേളനത്തിൽ മേയർ പറഞ്ഞത്. പിൻവാതിൽ നിയമനം പാർട്ടി രീതിയല്ലെന്ന് വ്യക്തമാക്കിയ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും, കത്തെങ്ങനെ രൂപപ്പെട്ടെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തട്ടെയെന്നാണ് പറഞ്ഞത്. താൽക്കാലിക നിയമനത്തിന് ആളുകളെ നിശ്ചയിച്ച് നൽകുന്നത് പാർട്ടി ജില്ലാ സെക്രട്ടറിയാണെന്ന പ്രതിപക്ഷ ആക്ഷേപമുണ്ടാക്കുന്ന ക്ഷീണം മറികടക്കാൻ കൊണ്ടുപിടിച്ച ശ്രമത്തിലാണ് സി.പി.എം. ഇതിന്റെ ഭാഗമായാണ്, അന്വേഷണമാവശ്യപ്പെട്ടുള്ള പരാതി. എന്നാൽ, നഗരസഭാ പാർലമെന്ററി പാർട്ടിയറിയാതെ ഇങ്ങനെയൊരു കത്തെങ്ങനെ പോയെന്ന ചോദ്യവും ദുരൂഹമാണ്.വിവാദത്തിൽ മേയറെ സംരക്ഷിക്കാനാണ് സി.പി.എം നീക്കം. സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാരോപിച്ച് മേയറുടെ രാജിക്കായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണെങ്കിലും മേയറെ തള്ളിപ്പറയുന്നത് കൂടുതൽ ക്ഷീണമാകുമെന്ന് പാർട്ടി വിലയിരുത്തുന്നു.

കത്തില്ലെങ്കിലും ജില്ലാ സെക്രട്ടറിയെ അറിയിക്കുന്ന പതിവുണ്ട്

നഗരസഭയിൽ ഒഴിവുള്ള താത്കാലിക നിയമനങ്ങളുടെ വിവരങ്ങൾ മേയർ ജില്ലാ സെക്രട്ടറിയെ അറിയിക്കുന്ന പതിവുണ്ട്. എന്നാൽ അത് ഔദ്യോഗകമായി കത്തുവഴി അറിയിക്കണമെന്നില്ല. ഇത് കാലങ്ങളായുള്ള പതിവാണ്. നഗരസഭയിലെ താത്കാലിക നിയമനത്തിൽ ഒരു പരിധി വരെ പാർട്ടിയും യൂണിയനും ഇടപെടുന്നുണ്ട്. ഈ ഭരണസമിതിയുടെ കാലത്ത് നടത്തിയ സുതാര്യമായ നിയമനത്തിൽ യൂണിയന് അതൃപ്‌തിയുണ്ടായിരുന്നു. ജില്ലാ ഘടകത്തിന് പരാതിയെത്തിയ ശേഷമാണ് താത്കാലിക നിയമനങ്ങൾ പാർട്ടിയെയും അറിയിക്കണമെന്ന് നിർദ്ദേശിച്ചത്. അതനുസരിച്ച് മേയർ തന്നെ സെക്രട്ടറിയോട് കാര്യങ്ങൾ വിശദീകരിക്കാറുണ്ട്.

പൊലീസ് അന്വേഷണം പൊല്ലാപ്പാകും

കത്ത് വ്യാജമാണെന്ന് തെളിയിക്കുകയാണ് ആദ്യ ഘട്ടത്തിലെ ശ്രമം. താൻ അറിയാതെ തന്റെ പേരിൽ തന്റെ ഒപ്പുപോലുമല്ലാത്ത കത്താണ് പ്രചരിക്കുന്നതെന്ന് മേയർ ആര്യാ രാജേന്ദ്രൻ തന്നെ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് മേയർ പൊലീസിൽ പരാതി നൽകിയത്. എന്നാൽ പൊലീസ് അന്വേഷണം ഭരണസമിതി അംഗത്തിലെത്തുമെന്നത് വേറെ പൊല്ലാപ്പുണ്ടാക്കും. അന്വേഷണം ആവശ്യപ്പെട്ടില്ലെങ്കിൽ മേയർ തന്നെ വെട്ടിലാകും. മേയറെ രക്ഷിച്ച് കൂടുതൽ വഷളാകുന്ന കാര്യത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നത് തടയാനാണ് പാർട്ടിയുടെ ഈ നീക്കമെന്നും സൂചനയുണ്ട്.