kamal-haasan

ഇന്ത്യൻ സിനിമയിലെ ഇതിഹാസമായ കമൽഹാസന്റെ 68-ാം ജന്മദിനമാണ് ഇന്ന്. 1960ൽ റിലീസായ 'കളത്തൂർ കാണമ്മ' എന്ന ചിത്രത്തിലൂടെ ബാലതാരമായി ചലച്ചിത്ര രംഗത്തേക്ക് എത്തിയ കമൽഹാസൻ ഇന്ന് പല യുവതാരങ്ങളുടെയും റോൾ മോഡലാണ്. ഒരു പുതുമുഖ നടനിൽ നിന്ന് സിനിമയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച് ഉലകനായകൻ എന്ന നിലയിലേയ്ക്ക് അദ്ദേഹം എത്തിയത് കഷ്ടപ്പാടുകൾക്കൊടുവിലാണ്. കമൽഹാസന്റെ സിനിമാ ജീവിതത്തിലെ യാത്രയെ പറ്റി അറിയാം.

തുടക്കം

ഇതിഹാസസംവിധായകൻ കെ ബാലചന്ദ്രന്റെ ചിത്രമായ 'അപൂർവരാഗങ്ങളി'ലൂടെയാണ് കമൽഹാസൻ സിനിമാരംഗത്ത് ശ്രദ്ധനേടുന്നത്. രജനികാന്തിന്റെ ആദ്യ ചിത്രം കൂടിയായ ഈ സിനിമയിൽ തന്നേക്കാൾ പ്രായക്കൂടുതൽ ഉള്ള ഒരു സ്ത്രീയെ പ്രണയിക്കുന്ന യുവാവിന്റെ വേഷത്തിലാണ് കമൽഹാസൻ എത്തുന്നത്. സ്വാഭാവികമായ അഭിനയത്തിന്റെ പേരിൽ അദ്ദേഹത്തിന് ധാരാളം പ്രശംസയും ഈ ചിത്രത്തിലൂടെ ലഭിച്ചിരുന്നു.

ഇന്ത്യയിലുടനീളം ആരാധകർ

എൺപതുകൾ കമൽഹാസനെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ ഒരു കാലഘട്ടമായിരുന്നു. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട് ഇന്ത്യയിലുടനീളമുള്ള എല്ലാ പ്രേക്ഷകരുടെയും പ്രിയ താരമായി അദ്ദേഹം മാറി. 'ഏക് ദുയുജെ കെ ലിയേ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചത്, പിന്നീട് അകാലി രാജ്യം, സ്വാതി മുത്യം, ഇന്ദ്രുദു ചന്ദ്രുഡു തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും മലയാളം ത്രില്ലറായ 'ചാണക്യ'നിൽ ഊർമിള മതോന്ദ്കറിനൊപ്പവും അദ്ദേഹം അഭിനയിച്ചു.

കഥാപാത്രങ്ങൾ

ഓരോ ചിത്രങ്ങളിലും വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടുകയായിരുന്നു കമൽഹാസൻ. മണിരത്‌നം സംവിധാനം ചെയ്‌ത നായകനിലെ കഥാപാത്രവും, മൈക്കിൾ മദന കാമരാജൻ, അവ്വയ് ഷൺമുഖി തുടങ്ങിയ ഹാസ്യചിത്രങ്ങളിലെ കഥാപാത്രങ്ങളിലും അദ്ദേഹം ഒരുപോലെ തിളങ്ങി. നിശബ്ദ ചിത്രമായ പുഷ്പക വിമാനത്തിൽ അഭിനയവും ഏവരെയും അത്ഭുതപ്പെടുത്തി. അപൂർവ സഗോധരാർഗലിൽ ട്രിപ്പിൾ റോളിൽ അഭിനയിച്ചപ്പോഴും ദശാവതാരത്തിൽ പത്ത് കഥാപാത്രങ്ങളിൽ എത്തിയപ്പോഴും ഇന്ത്യൻ സിനിമയ്ക്ക് അതൊരു പുതിയ അനുഭവമായിരുന്നു.

അഭിനയം കൂടാതെ

ചാച്ചി 420 എന്ന ചിത്രത്തിലൂടെയാണ് കമൽഹാസൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരൂപക പ്രശംസ നേടിയ ഹേ റാം, വിരാണ്ടി എന്നീ ചിത്രങ്ങളും അദ്ദേഹം തന്നെയാണ് സംവിധാനം ചെയ്തത്.

ജാഗോ ഗോരി, ഓ ഹോ സനം തുടങ്ങിയ ഗാനങ്ങൾ കമൽഹാസൻ ആലപിച്ചു. ഹേ റാമിന്റെ തമിഴ് പതിപ്പിലെ രണ്ട് ഗാനങ്ങൾക്ക് വരികൾ എഴുതിയതും അദ്ദേഹമാണ്. പുതിയ സാങ്കേതികവിദ്യകൾ പഠിക്കുന്നതിലും അത് തന്റെ സിനിമകളിൽ നടപ്പിലാക്കുന്നതിലും കമൽഹാസൻ ഒരിക്കലും മടികാട്ടിയിട്ടില്ല. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ എന്ന പേരിൽ ഒരു നിർമ്മാണ കമ്പനിയും അദ്ദേഹം നടത്തുന്നുണ്ട്.

പുതിയ ചിത്രങ്ങൾ

'വിശ്വരൂപം 2' ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടപ്പോൾ 'വിക്രം' എന്ന ചിത്രത്തിലൂടെ കമൽഹാസൻ ശക്തമായി തന്നെ തിരിച്ചുവന്നു. 1996-ലെ 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ഇന്ത്യൻ-2' ൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. മണിരത്നത്തോടൊപ്പം പുതിയ ചിത്രത്തിനായി തയ്യാറെടുക്കുന്നതായി കഴിഞ്ഞ ദിവസം അദ്ദേഹം അറിയിച്ചിരുന്നു. നായകന് (1987) ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 'വിക്ര'മിന്റെ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങുകയാണ്.