പലപ്പോഴും മൃഗങ്ങളും പക്ഷികളും തമ്മിലുള്ള സൗഹൃദം നമ്മളെ വിസ്മയിപ്പിക്കാറുണ്ട്. മിക്കവാറും വീട്ടിൽ വളർത്തുന്ന നായ്ക്കളും പൂച്ചകളും പക്ഷികളും വളരെ സൗഹാർദമായിട്ടാണ് ജീവിക്കുന്നത്. എന്നാൽ വ്യത്യസ്ത ഗണത്തിലുള്ള പക്ഷികൾ തമ്മിലുള്ള സൗഹൃദം അപൂർവമാണ്. അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്നത്. കാക്കകൾ മറ്ര് കാക്കകളുമായി ഭക്ഷണം പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇവിടെ ഒരു കാക്ക തനിക്ക് കിട്ടിയ ഭക്ഷണം തത്തയുമായി പങ്കുവയ്ക്കുന്ന ദൃശ്യമാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചത്. മരക്കൊമ്പിൽ അടുത്തിരിക്കുന്ന കാക്കയെയും തത്തയെയും വീഡിയോയിൽ കാണാം. കാക്കയുടെ വായിൽ ഭക്ഷണവുമുണ്ട്.കാക്ക തത്തയുടെ അടുത്ത് പോയി വായിൽ ഇരിക്കുന്ന ഭക്ഷണം മരക്കൊമ്പിൽ വയ്ച്ച് കൊടുക്കുന്നു. എന്നിട്ട് മാറി നിൽക്കുന്നു.ഉടൻ തന്നെ തത്ത അതിന്റെ അടുത്തെത്തി ഭക്ഷണം കൊത്തിയെടുത്ത് പറന്നുപോകുന്നു. മറ്റ് പക്ഷികളെ കണ്ടാൽ കൊത്തി ഓടിക്കുന്ന സ്വഭാവമുള്ള കാക്കയുടെ പൊരുമാറ്റമാണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദയാണ് ഈ മനോഹരമായ ദൃശ്യം പങ്കുവച്ചത്. നിരവധി പേർ ഇപ്പോൾ തന്നെ ഈ വീഡിയോ കണ്ടു കഴിഞ്ഞു.
