ബീഫ് വിഭവങ്ങൾ പ്രിയമല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. ബീഫ് റോസ്റ്റ്, ഫ്രൈ തുടങ്ങി ബീഫ് ബിരിയാണി വരെ മിക്കപ്പേരുടെയും ഫേവറൈറ്റ് ലിസ്റ്റിൽ ഉണ്ടാകും. നോൺ വെജ് വിഭവങ്ങളിൽ വ്യത്യസ്തത പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവർക്കായി ഒരു അടിപൊളി വിഭവം പരിചയപ്പെടുത്തുകയാണ് ഇത്തവണത്തെ സോൾട്ട് ആന്റ് പെപ്പറിൽ. റോക്ക് ബീഫ് എന്നാണ് വിഭവത്തിന്റെ പേര്. കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നുന്ന ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

rock-beef

റോക്ക് ബീഫ് ഉണ്ടാക്കാൻ ആദ്യം തന്നെ കുറച്ച് ഉരുളൻ കല്ലുകൾ കഴുകി വൃത്തിയാക്കി വയ്ക്കണം. ബീഫ് വലിയ കഷ്ണങ്ങളാക്കിയത്, കുരുമുളക് പൊടി, രണ്ട് സവാള ചെറുതായി അരിഞ്ഞത്, പച്ചമുളക്, പുതിനയില, ചുവന്ന മുളക് ചതച്ചത്, വെളുത്തുള്ളി, മല്ലിയില, നാരങ്ങാ നീര്, ഒലിവ് ഓയിൽ എന്നിവയാണ് റോക്ക് ബീഫ് ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ.

ആദ്യം കുറച്ച് കുരുമുളക് പൊടിയും ഉപ്പും നന്നായി യോജിപ്പിച്ചെടുത്ത് ബീഫ് കഷ്ണങ്ങളാക്കിയത് ഇതിൽ തേച്ചുപിടിപ്പിച്ച് മാറ്റിവയ്ക്കണം. അടുത്തതായി ഒരു ചീനച്ചട്ടിയിൽ കഴുകിവച്ചിരിക്കുന്ന കല്ലുകളിട്ട് അതിന് മുകളിൽ കുറച്ച് എണ്ണ ഒഴിച്ചതിന് ശേഷം അരിഞ്ഞുവച്ചിരിക്കുന്ന സവാളചേർത്തുകൊടുക്കാം. ഇതിലേയ്ക്ക് കുറച്ച് പച്ചമുളക് രണ്ടായി കീറിയത് ചേർത്തുകൊടുക്കാം. ഇതിന് മുകളിലായി ഉപ്പും മുളകുപൊടിയും ചേർത്തുവച്ചിരിക്കുന്ന ബീഫ് നിരത്തണം. അടുത്ത തട്ട് എന്നോണം സവാള നിരത്തി വീണ്ടും അതിന് മുകളിലായി കല്ലുകൾ നിരത്തണം. അതിന് മുകളിൽ വീണ്ടും ബീഫ് വയ്ച്ച് കുറച്ച് വെള്ളം ഒഴിച്ചതിനുശേഷം വീണ്ടും കല്ലുകൾ മുകളിലായി പാകാം. ഇത് കുറച്ച് നേരം അടച്ചുവച്ച് വേവിക്കണം.

റോക്ക് ബീഫിനൊപ്പം കഴിക്കാവുന്ന കൂട്ടുക്കറി തയ്യാറാക്കാം. രണ്ട് പച്ചമുളക് നന്നേ ചെറുതായി അരിഞ്ഞ് മാറ്റിവയ്ക്കണം. പിന്നാലെ വെളുത്തുള്ളി, പുതിനയില എന്നിവയും ചെറുതായി അരിഞ്ഞുവയ്ക്കണം.അടുത്തതായി ഒരു പാത്രത്തിൽ ചുവന്ന മുളക് ചതച്ചത്, വെളുത്തുള്ളി- പച്ചമുളക് എന്നിവ അരിഞ്ഞത്, മല്ലിയില അരിഞ്ഞത്, പാർസ്ളെ ഇല അരിഞ്ഞത്, കുറച്ച് കുരുമുളക് പൊടി, കുറച്ച് നാരങ്ങാ നീര്, കുറച്ച് വിനാഗിരി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കണം. ഇതിലേയ്ക്ക് ആവശ്യത്തിന് ഒലിവ് ഓയിൽ കൂടി ചേർത്താൽ കൂട്ടുക്കറിയായ ഇലച്ചമ്മന്തി തയ്യാർ.

നന്നായി വെന്ത ബീഫിൽ നിന്ന് കല്ല് മാറ്റി ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് കൂട്ടുക്കറിയുമായി ചേർത്ത് കഴിക്കാം. പൊറോട്ട, ചപ്പാത്തി, അപ്പം, ചോറ് എന്നിവയുടെ കൂടെ കഴിക്കാം. ടേസ്റ്റ് ഒരു രക്ഷയുമില്ല.