
ഭോപ്പാൽ: ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് കൊണ്ടുവന്ന് മദ്ധ്യപ്രദേശ് കുനോ നാഷണൽ പാർക്കിൽ ക്വാറന്റെെൻ ചെയ്തിരുന്ന എട്ട് ചീറ്റകളിൽ രണ്ട് ചീറ്റകളെ അതിനായി ഒരുക്കിയ വിശാലമായ പുതിയ വാസസ്ഥാനത്തേയ്ക്ക് മാറ്റിയിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് പാർക്കിലെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ചീറ്റകൾക്ക് പുതിയ സ്ഥലംമാറ്റം നൽകിയത്. ഇവിടെ ചീറ്റകൾക്ക് വേട്ടയാടുന്നതിനായി പുള്ളിമാനുകളെ എത്തിക്കുമെന്ന് വിവരങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ തുറന്ന് വിട്ട് 24 മണിക്കൂറിനുള്ളിൽ അവർ ആദ്യത്തെ ഇരയെ വേട്ടയാടിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച പുലർച്ചെയോ ചീറ്റകൾ വേട്ടയാടിയതായാണ് റിപ്പോർട്ട്. പുതിയ ആവാസവ്യവസ്ഥയിൽ എത്തിയ ശേഷമുള്ള ആദ്യ ഇര പിടിത്തമായിരുന്നു ഇത്. ഇന്ത്യയിലെത്തിച്ച ചീറ്റകളെല്ലാം ആരോഗ്യത്തോടെ കഴിയുന്നതായി പ്രധാനമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. വന്യമൃഗങ്ങളെ ഒരു രാജ്യത്ത് നിന്ന് മാറ്റൊരു രാജ്യത്തേക്ക് മാറ്റുന്നതിന് മുമ്പും ശേഷവും ഒരു മാസം ക്വാറന്റെെനിൽ കഴിയണമെന്നാണ്. അണുബാധ ഉണ്ടാവാതിരിക്കാനാണ് ഇത്. കൊണ്ടുവന്ന ഏട്ട് ചീറ്റപ്പുലികളെയും ക്വാറന്റെെനിൽ വച്ചിരുന്നു.അപ്പോൾ എരുമയുടെ മാംസമാണ് തീറ്റയായി നൽകിയിരുന്നത്. അതിൽ രണ്ട് പേരെയാണ് ഇപ്പോൾ അവരുടെ ആവാസവ്യവസ്ഥയിലെയ്ക്ക് തുറന്നു വിട്ടത്. ഇനിയുള്ള ആറെണ്ണത്തെ നിരീക്ഷിച്ച ശേഷം വരും ദിവസങ്ങളിൽ ഘട്ടം ഘട്ടമായി വലിയ ആവാസ വ്യവസ്ഥയിലേക്ക് തുറന്ന് വിടും.
ഇതിനിടയിൽ ആശ എന്ന ചീറ്റ ഗർഭിണിയാണെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ജനങ്ങളെ അതിൽ ഏറെ സന്തോഷിപ്പിച്ചെങ്കിലും ഗർഭമലസിയതായി സ്ഥിരീകരിച്ചു. ആവാസവ്യവസ്ഥ മാറിയതിനാലുണ്ടായ മാനസിക സമ്മർദ്ദത്തിലാണ് ഗർഭമലസിയത് എന്നാണ് ചീറ്റ കൺസർവേഷൻ ഫണ്ട് ഡോ ലോറി മാർക്കർ അറിയിച്ചത്.
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സെപ്തംബർ 17നാണ് നമീബിയിൽ നിന്ന് എട്ട് ചീറ്റപ്പുലികളെ ഇന്ത്യയിൽ എത്തിച്ചത്. അഞ്ച് പെണ്ണ് ചീറ്റപ്പുലികളും മൂന്ന് ആൺ ചീറ്റപ്പുലികളുമാണ് ഉള്ളത്.