
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സുരേഷ് ഗോപിയുടെയും നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ബിജു പപ്പൻ വെള്ളിത്തിരയിലെ മുപ്പതുവർഷ യാത്രയിൽ പ്രിയദർശൻ സിനിമയിൽ ആദ്യമായി അഭിനയിക്കാൻ കഴിഞ്ഞതിന്റെ അഭിമാനത്തിൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.
ഇന്നത്തെ ദിവസം എന്റെ ജീവിതത്തിലെ പ്രിയപ്പെട്ടതും ഒരുപാട് സന്തോഷം നിറഞ്ഞതുമാണ്. സിനിമയിൽ വന്നിട്ട് 30വർഷമായി. ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ ചെയ്തു . ഇതെല്ലാം ചെയ്യുമ്പോഴും പ്രിയൻ ചേട്ടന്റെ സിനിമയിൽ ഒരു വേഷം ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു . ഇന്ന് അതു സാധിച്ചു. അഭിമാന നിമിഷങ്ങൾ. അതിനേക്കാൾ എനിക്ക് അഭിമാനവും സന്തോഷവും തോന്നിയത് ഈ ഒരു കാര്യത്തിന് വേണ്ടി ഞാൻ ഒരുപാട് പേരെ ബന്ധപെടുകയും സംസാരിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. എന്നാൽ പ്രിയൻ ചേട്ടൻ ഇന്ന് എന്നോട് പറഞ്ഞത് "ഒരാളുടെയും ശുപാർശയിൽ അല്ല ഞാൻ പപ്പനെ എന്റെ സിനിമയിൽ വേഷം ചെയ്യാൻ വിളിച്ചത്. പപ്പൻ ചെയ്ത വേഷങ്ങൾ കണ്ടാണ് ". ലോകം അറിയപ്പെടുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ സംവിധായകൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് സന്തോഷവും അഭിമാനവും തോന്നിയ നിമിഷങ്ങളായിരുന്നു.എല്ലാവർക്കും നന്ദി. എല്ലാത്തിനുംനന്ദി. ദൈവത്തിനും നന്ദി .ബിജു പപ്പൻ കുറിച്ചു. ഷെയ്ൻ നിഗം, ഗായത്രി ശങ്കർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന കൊറോണ പേപ്പേഴ്സ് കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്നു.