
തൃശൂർ: പതിനാറുകാരനെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ ട്യൂഷൻ അദ്ധ്യാപിക അറസ്റ്റിൽ. തൃശൂരിലാണ് സംഭവം. കുട്ടി മാനസികമായി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് വിവരം പുറത്തുവരുന്നത്. ട്യൂഷൻ ടീച്ചറെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇവർ കുറ്റം സമ്മതിച്ചു.
സ്വഭാവത്തിൽ മാറ്റം പ്രകടമായതോടെ അദ്ധ്യാപകർ കാര്യം തിരക്കിയെങ്കിലും കുട്ടി ഒന്നും തുറന്നുപറഞ്ഞിരുന്നില്ല. തുടർന്ന് കൗൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് കുട്ടി പീഡനവിവരം പുറത്തുപറയുന്നത്. ട്യൂഷൻ ടീച്ചർ മദ്യം നൽകി ഉപദ്രവിച്ചെന്നായിരുന്നു കുട്ടി വെളിപ്പെടുത്തിയത്. കൗൺസിലർ അദ്ധ്യാപകരെ വിവരമറിയിച്ചതിന് പിന്നാലെ ഇവർ ശിശുക്ഷേമ സമിതിയിൽ ഇക്കാര്യം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ ശിശുക്ഷേമ സമിതി അംഗങ്ങൾ വിവരങ്ങൾ തൃശൂർ മണ്ണുത്തി പൊലീസിന് കൈമാറുകയായിരുന്നു. പതിനാറുകാരനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുകയും രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ടീച്ചറെ കസ്റ്റഡിയിൽ എടുത്തത്.
ഭർത്താവുമായി വേർപിരിഞ്ഞുകഴിയുന്ന അദ്ധ്യാപിക കൊവിഡ് കാലത്താണ് ട്യൂഷൻ ആരംഭിച്ചത്. മുൻപ് ഫിറ്റ്‌നെസ് സെന്ററിൽ പരിശീലകയായും ജോലി നോക്കിയിട്ടുണ്ട്. പോക്‌സോ നിയമപ്രകാരമാണ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ പ്രതിയുടെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തരുതെന്നാണ് ചട്ടം.