guru-tagore

ശ്രീനാരായണസൂര്യന്റെ ദീപ്തമായ പ്രകാശത്താൽ ആകർഷികപ്പെട്ട് നിരവധി മഹത്തുക്കൾ ശിവഗിരി സന്ദർശിച്ചിട്ടുണ്ട്. 'ഗുരുദേവനെ ഒന്നുകാണാൻ സാധിച്ചത് എന്റെ ജീവിതത്തിന്റെ പരമഭാഗ്യം, എന്റെ ദക്ഷിണേന്ത്യൻ പര്യടനം പൂർത്തിയായി.' എന്നാണ് ഗുരുദേവ ദർശനാനന്തരം മഹാത്മാഗാന്ധി അഭിപ്രായപ്പെട്ടത്.
ഗുരുദേവനെ ശിവഗിരിയിലെത്തി ദർശിച്ചവരിൽ ഏറ്റവും പ്രമുഖൻ വിശ്വപൗരനായ രവീന്ദ്രനാഥ ടാഗോർ തന്നെയായിരുന്നു. ഈ കൂടിക്കാഴ്ച രണ്ടു മഹത്തുക്കളിലും അലൗകികമായ അനുഭൂതിയുടെ അലകൾ സൃഷ്ടിച്ചു. ടാഗോറിന്റെ ശിവഗിരി യാത്രയ്ക്കുള്ള വഴിത്താര ഒരുക്കിയവരിൽ പ്രമുഖർ ശിവപ്രസാദ് സ്വാമികൾ, ഡോ.പൽപു, കുമാരനാശാൻ, നടരാജഗുരു എന്നിവരാണ്. വടക്കേ ഇന്ത്യയിലെ ഗുരുദേവ് തെക്കേ ഇന്ത്യയിലെ ഗുരുദേവനെ ദർശിക്കാൻ എത്തിച്ചേരുന്നു എന്ന വാർത്ത ശ്രീനാരായണഭക്തരിൽ ആമോദത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു. ആ സമാഗമത്തിൽ ഭാഗഭാക്കാകാൻ ആയിരങ്ങൾ ഒത്തുകൂടി. ഈ സമാഗമം നടക്കാതിരിക്കാനും ചില വരേണ്യന്മാർ ശ്രമിക്കാതിരുന്നില്ല. ശിവപ്രസാദ് സ്വാമികളുടെ സമയോചിത ഇടപെടൽ മൂലമാണ് അത് തരണം ചെയ്തത്. അദ്ദേഹം അന്ന് ബ്രഹ്മസമാജത്തിന്റെ കേരളഘടകം സെക്രട്ടറിയായിരുന്നു. ടാഗോർ ബ്രഹ്മസമാജം അംഗം കൂടിയായിരുന്നല്ലോ.
ശാരദാമഠത്തിലെത്തിയ മഹാകവി ടാഗോർ , ശാരദാമഠത്തിന്റെ വിശേഷത; വൈദിക താന്ത്രിക കർമ്മങ്ങളുടെയും, അഭിഷേക-നിവേദ്യാദികളുടെയും നിരോധം, വർണച്ചില്ലുകളോടെയുള്ള ജനാലകൾ, വാതിലുകൾ, ആരക്കാലുകളിൽ തീർത്ത ലഘുവായ ചുറ്റുമതിൽ, അതിൽ നിറച്ചിരിക്കുന്ന പഞ്ചസാരമണൽ, ശാരദാമഠത്തിന്റെ ശുചിത്വം, പറയ-പുലയക്കുട്ടികളെ പൂജാരിമാരായി ഗുരു നിയോഗിച്ചിരിക്കുന്നത് എന്നീ സവിശേഷതയെക്കുറിച്ചെല്ലാം കുമാരമഹാകവിയിൽ നിന്നും ചോദിച്ചു മനസിലാക്കി. മാത്രമല്ല ശാരദാമഠത്തിലെ ഉത്സവരാഹിത്യം, പ്രതിഷ്ഠ നടന്ന ദിവസം ഗുരുദേവ നിർദ്ദേശപ്രകാരം സംഘടിപ്പിച്ച വിദ്യാർത്ഥി സമ്മേളനം, സ്ത്രീ സമ്മേളനം, കായിക ഇനങ്ങളും കളികളും - ഗുരുദേവന്റെ പരിഷ്‌കൃത കാഴ്ചപ്പാടുകൾ എന്നിവയും മനസിലാക്കി.
1922 നവംബർ 15 ന് വൈകിട്ട് നാലുമണിക്ക് ടാഗോർ ശിവഗിരി വൈദികമഠത്തിൽ ഗുരുവിന്റെ വിശ്രമസ്ഥാനത്ത് വരാന്തയിലേക്ക് കയറിയതും അതുവരെ മുറിയിൽ കതകടച്ചു വിശ്രമിച്ചിരുന്ന ശ്രീനാരായണഗുരുദേവൻ കതകുതുറന്ന് വെളിയിൽ വന്നതും ഒരേസമയത്തായിരുന്നു. ഗുരുദേവനെ ദർശിച്ച മാത്രയിൽ'Oh great saint' എന്നായിരുന്നു ടാഗോറിന്റെ ആത്മഗതം. 'അങ്ങയെ ദർശിച്ചതോടുകൂടി എന്റെ ഹൃദയത്തിന് ഒരു മാറ്റമുണ്ടായിരിക്കുന്നു' എന്ന ആമുഖത്തോടെ ടാഗോർ സംഭാഷണം ആരംഭിച്ചു. തന്റെ ആത്മസുഹൃത്തും വിശ്വവിജയിയുമായ വിവേകാനന്ദസ്വാമികൾ ' ഭ്രാന്താലയമാണ് ' എന്ന് പറഞ്ഞതും നരകമിവിടെയാണ് 'ഹന്ത! കഷ്ടം!' എന്നു കവികൾ വിലപിച്ചതും ആയ ദേശത്തെ, ശ്രീനാരായണഗുരു രണ്ടര പതിറ്റാണ്ടിനിടെ ഇന്ത്യക്കു മുഴുവൻ മാതൃകയായ തീർത്ഥാലയമാക്കി മാറ്റിയത് ടാഗോർ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു. 'ഗുരോ, അങ്ങ് ഏറെ പ്രവർത്തിച്ചുവല്ലോ,​ കേരളമിന്ന് ഭ്രാന്താലയമല്ല' എന്ന ടാഗോറിന്റെ അഭിപ്രായത്തിന് 'നാം ഒന്നും ചെയ്യുന്നില്ലല്ലോ' എന്നായിരുന്നു ഗുരുവിന്റെ മറുപടി.
ബ്രഹ്മനിഷ്ഠനും പരമഹംസനുമായ ശ്രീനാരായണഗുരുദേവൻ ആത്മീയതയുടെ - പരമാത്മവിദ്യയുടെ പരമാവധി ദർശിച്ചാണ് ലോകലീലാ നാടകമാടുന്നതെന്ന് അതിൽ നിന്ന് ടാഗോറിന് മനസിലായി. മുഴുവൻ സമയവും കർമ്മത്തിൽ മുഴുകിയാലും അതിൽ സംഗമില്ലാതെ വർത്തിക്കുകയായിരുന്നു ശ്രീനാരായണഗുരു. ഗുരുവിന്റെ ദർശനമഹിമ തിരിച്ചറിഞ്ഞാണ് മഹാകവി,​ ലോകം മുഴുവൻ സഞ്ചരിച്ചിട്ടും ശ്രീനാരായണഗുരുദേവനേക്കാൾ ഉന്നതനായ ഒരു ആത്മീയഗുരുവിനെ കണ്ടിട്ടില്ലെന്ന് പ്രഖ്യാപിച്ചത്.
'ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു. ആ മഹാത്മാവ് ഇന്ത്യയുടെ തെക്കേയറ്റത്ത് വിജയിച്ചരുളുന്ന ശ്രീനാരായണഗുരുവല്ലാതെ മറ്റാരുമല്ല എന്ന ആൻഡ്രൂസിന്റെ കാഴ്ചപ്പാടും ഗുരുഭക്തരും കേരളീയരും ശ്രദ്ധയോടെ മനസിലാക്കണം.
ടാഗോറിന്റെ ഗുരുദേവസന്ദർശനത്തിന്റെ ശതാബ്ദിയിൽ നാം ദിവ്യമായ ആ സമാഗമത്തെ സ്മരിക്കുക. അവരുടെ ജീവിതാദർശത്തെ സ്വാംശീകരിക്കുക. അതിൽ ആത്മസായൂജ്യം നേടുക . ഒപ്പം നവംബർ 15 ന് ഗുരുവും ടാഗോറും തമ്മിൽ നടന്ന സമാഗമത്തിന്റെ ശതാബ്ദി, മുഴുവൻ ഗുരുദേവ പ്രസ്ഥാനങ്ങളും സാമൂഹിക സാഹിത്യസാംസ്‌കാരിക സംഘടനകളും ആഘോഷിക്കണമെന്ന് ഗുരുവിന്റെ ശിഷ്യപരമ്പരയുടെ പേരിൽ അഭ്യർത്ഥിക്കുന്നു.