madu

പാലക്കാട്: അട്ടപ്പാടി മധുക്കേസിൽ മജിസ്റ്റീരിയൽ റിപ്പോർട്ട് പുറത്ത്. ആൾക്കൂട്ട ആക്രമണത്തിനിരയായ മധു പൊലീസ് കസ്റ്റഡിയിലാണ് മരിച്ചതെങ്കിലും കസ്റ്റഡി മരണമല്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കസ്റ്റഡിയിലിരിക്കെ മധുവിന് മർദ്ദനമേറ്റതായി തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അവശനിലയിലാണ് മധുവിനെ സംഭവദിവസം പൊലീസ് ജീപ്പിൽ കയറ്റിയത്. അഗളിയിലെ ആശുപത്രിയിൽ മധുവിനെ എത്തിച്ചത് മൂന്ന് പൊലീസുകാരാണെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. മണ്ണാർക്കാട് ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയിരുന്ന രമേശ്, ഒറ്റപ്പാലം സബ് കളക്ടറായിരുന്ന ജെറോമിക് ജോർജ് എന്നിവരാണ് റിപ്പോർട്ടുകൾ തയ്യാറാക്കിയത്. ഇവരുടെ മൊഴി കോടതി രേഖപ്പെടുത്തും. നാലുവർഷം മുൻപ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് കേസ് ഫയലിൽ ചേർത്തിട്ടില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ഫയലിൽ ഉൾപ്പെടുത്തണമെന്നും കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ വാദിച്ചു. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.

അതേസമയം, കേസിൽ റിമാൻഡിലായിരുന്ന 11 പ്രതികൾക്ക് മണ്ണാർക്കാട് എസ് സി എസ് ടി വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു. മധുവിന്റെ അമ്മ, സഹോദരിമാർ എന്നിവരെ കാണരുത്, ഭീഷണിപ്പെടുത്തരുത് എന്നീ ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. പ്രതികൾ എല്ലാ ദിവസവും വിസ്താരത്തിനായി കോടതിയിൽ ഹാജരാകേണ്ടതുമുണ്ടെന്നും ജാമ്യവ്യവസ്ഥയിൽ പറഞ്ഞിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത് വിചാരണ കോടതിയ്ക്ക് ബോദ്ധ്യമായതോടെ കേസിലെ 12 പ്രതികളുടെ ‌ ജാമ്യം ഓഗസ്റ്റ് 20ന് റദ്ദാക്കിയിരുന്നു.