liverpool

ലണ്ടൻ : സൂപ്പർ താരം മുഹമ്മദ് സലാ ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ ടോട്ടൻഹാമിനെ 2-1ന് കീഴടക്കിയ ലിവർപൂൾ ഇംഗ്ളീഷ് പ്രിമിയർ ലീഗ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്ത്. ടോട്ടൻഹാമിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിലാണ് സലാ രണ്ട് ഗോളുകളും നേടിയത്. രണ്ടാം പകുതിയിൽ നായകൻ ഹാരികേനിലൂടെയാണ് ടോട്ടൻഹാം സ്കോർ ചെയ്തത്.

11-ാം മിനിട്ടിൽ ന്യൂനസിന്റെ പാസിൽ നിന്നാണ് സലാ ആദ്യ ഗോൾ നേടിയത്. 40-ാം മിനിട്ടിൽ ടോട്ടൻഹാം താരം ഡയറിന്റെ ഒരു ലക്ഷ്യം തെറ്റിയ ഹെഡർ പിടിച്ചെടുത്ത് സലാ രണ്ടാം ഗോളും നേടി. 70-ാം മിനിട്ടിൽ കുലുസേവിസ്കിയുടെ ക്രോസിൽനിന്നാണ് കേൻ സ്കോർ ചെയ്തത്. കഴിഞ്ഞ മേയ് മാസത്തിന് ശേഷം പ്രിമിയർ ലീഗിൽ ലിവർപൂൾ നേടുന്ന ആദ്യ എവേ വിജയമായിരുന്നു ഇത്.

ഈ സീസണിലെ 13 മത്സരങ്ങളിൽ നിന്ന് അഞ്ചാമത്തെ വിജയം നേടിയ ലിവർപൂളിന് 19 പോയിന്റാണുള്ളത്. കഴിഞ്ഞദിവസം നടന്ന മറ്റൊരു മത്സരത്തിൽ ചെൽസിയെ 1-0ത്തിന് തോൽപ്പിച്ച ആഴ്സനൽ 34 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 32 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.