
വാഷിംഗ്ടൺ: 2020 നവംബറിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജോ ബൈഡൻ യു.എസ് പ്രസിഡന്റായ ശേഷമുള്ള നിർണായക മിഡ‌്‌ടേം തിരഞ്ഞെടുപ്പിന് ഇന്ന് നടക്കും. പേര് പോലെ തന്നെ പ്രസിഡൻഷ്യൽ ടേം പകുതിയാകുമ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ അടുത്ത രണ്ട് വർഷത്തെ സർക്കാരിന്റെ ഭാവി മനസിലാക്കാം. സെനറ്റിലെ 35 സീറ്റുകളിലേക്കും ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും ഇന്ന് ജനവിധി നടക്കും. ഫലം നാളെ മുതൽ പുറത്തുവരും.
സെനറ്റും ജനപ്രതിനിധി സഭയുമടങ്ങുന്ന അമേരിക്കൻ കോൺഗ്രസിലെ നിയമനിർമ്മാണ പ്രക്രിയകൾ ഇനി ആര് നിയന്ത്രിക്കുമെന്ന് ഇന്നത്തെ തിരഞ്ഞെടുപ്പിലൂടെ അറിയാം. റിപ്പബ്ലിക്കന്മാർ ഇരുസഭകളിലും മേൽക്കൈ നേടിയാൽ 2024 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലേക്കുള്ള അജണ്ടകൾ നടപ്പാക്കാൻ ഡെമോക്രാറ്റുകൾക്ക് ബുദ്ധിമുട്ടാകും.
ഇരുസഭകളിൽ ഏതെങ്കിലും ഒന്നിൽ റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷം ലഭിച്ചാൽ ബൈഡൻ സർക്കാരിന്റെ നിയമനിർമ്മാണങ്ങൾ പാസാക്കാനും പ്രയാസമാകും. മാത്രമല്ല, ട്രംപിന്റെ തിരിച്ചുവരവിനും കളമൊരുക്കും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബൈഡന്റെ ജനപ്രീതിയിൽ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്.
തിരഞ്ഞെടുപ്പ് എവിടേക്ക് ?
യു.എസ് സെനറ്റ്, ജനപ്രതിനിധി സഭ, പ്രാദേശിക ഭരണകൂടങ്ങൾ ( ഗവർണർ, അറ്റോണി ജനറൽ തുടങ്ങിയവ )
----------------------------------
നിലവിൽ
സെനറ്റിലും ജനപ്രതിനിധി സഭയിലും പ്രാതിനിധ്യം ഡെമോക്രാറ്റുകൾക്ക്
1. സെനറ്റ് - ആകെ സീറ്റ് 100
റിപ്പബ്ലിക്കൻ പാർട്ടി - 50
ഡെമോക്രാറ്റിക് പാർട്ടി - 50 ( ടൈ - ബ്രേക്കിംഗ് വോട്ട് അധികാരം വൈസ് പ്രസിഡന്റ് കമലാ ഹാരിസിനുള്ളതിനാൽ ഭൂരിപക്ഷം ഡെമോക്രാറ്റുകൾക്ക് )
2. ജനപ്രതിനിധി സഭ - ആകെ 435 സീറ്റ്
റിപ്പബ്ലിക്കൻ പാർട്ടി - 213
ഡെമോക്രാറ്റിക് പാർട്ടി - 222
----------------------------------
പ്രവചനം
സെനറ്റിൽ ഇരുപാർട്ടികൾക്കും ഒരുപോലെ സാദ്ധ്യത കല്പിക്കുമ്പോൾ ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻമാർ മേൽക്കൈ നേടിയേക്കുമെന്നാണ് പ്രവചനം. സെനറ്റിൽ റിപ്പബ്ലിക്കൻമാർക്ക് 47 മുതൽ 54 സീറ്റുകൾ വരെ ലഭിക്കാൻ 80 ശതമാനം സാദ്ധ്യതയുണ്ടെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.
----------------------------------