uefa

നിയോൺ: ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ പ്രീ ക്വാർട്ടർ ഫൈനലിൽ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡും ഇംഗ്ളീഷ് ക്ളബ് ലിവർപൂളും ഏറ്റുമുട്ടും. ലയണൽ മെസിയും എംബാപ്പെയും നെയ്മറും കളിക്കുന്ന പാരീസ് എസ്.ജിയും ജർമ്മൻ കരുത്തരായ ബയേൺ മ്യൂണിക്കും തമ്മിലാണ് മറ്റൊരു പ്രീ ക്വാർട്ടർ ഫൈനൽ. ഇന്നലെ നടന്ന ഡ്രോയിലാണ് പ്രീ ക്വാർട്ടർ ഫൈനലുകൾ നിശ്ചയിക്കപ്പെട്ടത്.

കഴിഞ്ഞ സീസൺ ഫൈനലിൽ ലിവർപൂളിനെ തോൽപ്പിച്ചാണ് റയൽ മാഡ്രിഡ് കിരീടം നേടിയിരുന്നത്. 2018 സീസണിലെ ഫൈനലിലും 2021/21 സീസണിലെ ക്വാർട്ടർ ഫൈനലിലും ലിവർപൂളിനെ റയൽ തോൽപ്പിച്ചിരുന്നു. ഈ തോൽവികൾക്കെല്ലാം പകരം വീട്ടാനുള്ള അവസരമാണ് ലിവർപൂളിന് മുന്നിലുള്ളത്. എന്നാൽ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് റൗണ്ടിൽ രണ്ടാമന്മാരായി ഫിനിഷ് ചെയ്ത ലിവർപൂൾ പ്രിമിയർ ലീഗിൽ എട്ടാം സ്ഥാനത്ത് തപ്പിത്തടയുകയാണ്.റയൽ മാഡ്രിഡ് എഫ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

മറ്റ് പ്രീ ക്വാർട്ടർ ഫൈനലുകളിൽ ഇംഗ്ളീഷ് ക്ളബ് ടോട്ടൻഹാം ഇറ്റാലിയൻ ക്ളബ് എ.സി മിലാനെ നേരിടും. മറ്റ് ഇറ്റാലിയൻ ക്ളബുകളായ ഇന്റർമിലാന് എഫ്.സി പോർട്ടോയും നാപ്പോളിക്ക് എയ്ന്ട്രാൻക്ട് ഫ്രാങ്ക്ഫർട്ടുമാണ് നോക്കൗട്ടിലെ എതിരാളികൾ. ഇംഗ്ളീഷ് ക്ളബ് ചെൽസി ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ നേരിടും. മാഞ്ചസ്റ്റർ സിറ്റിക്ക് ആർ.ബി ലെയ്പസിഗാണ് അവസാന പതിനാറിലെ എതിരാളികൾ.

അടുത്ത വർഷം ഫെബ്രുവരി 14നും മാർച്ച് ഏഴിനുമായാണ് ഇരുപാദ പ്രീ ക്വാർട്ടർ ഫൈനലുകൾ തുടങ്ങുന്നത്.

പ്രീ ക്വാർട്ടർ ഫിക്സ്ചർ

പി.എസ്.ജി Vs ബയേൺ മ്യൂണിക്ക്

മാഞ്ചസ്റ്റർ സിറ്റി Vs ലെയ്പ്സിഗ്

ബെൻഫിക്ക Vs ക്ളബ് ബ്രുഗെ

ലിവർപൂൾ Vs റയൽ മാഡ്രിഡ്

എ.സി മിലാൻ Vs ടോട്ടൻഹാം

എയ്ൻട്രാൻക്ട് Vs നാപ്പോളി

ബൊറൂഷ്യ Vs ചെൽസി

ഇന്റർ മിലാൻ Vs എഫ്.സി പോർട്ടോ