meta

ട്വിറ്റർ തങ്ങളുടെ ആകെ ജീവനക്കാരുടെ ഏതാണ്ട് പകുതിയോളം പേരെ ഇലോൺ മസ്‌‌ക് ചുമതലയേറ്റയുടൻ പിരിച്ചുവിട്ടത് കഴിഞ്ഞയാഴ്‌ചയാണ്. ഇന്ത്യയിലടക്കം നിരവധി ജീവനക്കാർക്ക് തൊഴിൽ നഷ്‌ടമായി. ഇതിന് പിന്നാലെ മറ്റ് ടെക് ഭീമന്മാരും വൻ പിരിച്ചുവിടലിന് ഒരുങ്ങുകയാണെന്ന വിവരം പുറത്തുവരുന്നുണ്ട്. ഇത്തരത്തിൽ ഒന്നാണ് ഫേസ്‌ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയിലേത്. ആയിരക്കണക്കിന് ജീവനക്കാരെയാണ് മെറ്റ പിരിച്ചുവിടാനൊരുങ്ങുന്നത് എന്നാണ് വിവരം. ബുധനാഴ്‌ചയ്‌ക്കകം ഇക്കാര്യങ്ങളിൽ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വാൾ ‌സ്‌ട്രീറ്റ് ‌ജേണൽ അറിയിക്കുന്നത്. ഇക്കാര്യത്തിൽ അറിയിപ്പൊന്നും എന്നാൽ മെറ്റ നൽകിയിട്ടില്ല.

സ്‌റ്റോക്ക് മാർക്കറ്റിൽ ഇടിവ് നേരിട്ടതിനാൽ നഷ്‌ടമുണ്ടാകുമെന്നും അതുകൊണ്ട് അടുത്ത വർഷം കമ്പനിയുടെ വിപണിമൂല്യം കുറഞ്ഞേക്കാമെന്ന് ഒക്‌ടോബർ മാസത്തിൽ തന്നെ മെറ്റ വ്യക്തമാക്കിയിരുന്നു. ആഗോള സാമ്പത്തികമാന്ദ്യവും ടിക് ടോക്കും ആപ്പിൾ പ്രൈവസി മാറ്റങ്ങളും കാരണമുള‌ള വെല്ലുവിളികൾ മൂലം കമ്പനി പ്രതിസന്ധികളെ നേരിടുകയാണ്. മെറ്റവേഴ്‌സിലെ കമ്പനി നിക്ഷേപങ്ങളിൽ നിന്നും ഫലം ലഭിക്കാൻ ദശാബ്‌ദത്തോളമെടുക്കാമെന്നാണ് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് മാർക്ക് സക്കർബർഗ് അറിയിച്ചത്. അടുത്തവർഷം കമ്പനി ചിലമേഖലകളിൽ നന്നായി വളർച്ച നേടുമെങ്കിലും മറ്റിടങ്ങളിൽ അതുണ്ടാകില്ല. അതിനാൽ നിലവിലുള‌ളതിലും കമ്പനി ബലം ചുരുങ്ങാനും സാദ്ധ്യതയുണ്ട്. എഞ്ചിനീയർമാരെ നിയമിക്കുന്നതിൽ 30 ശതമാനം കുറപ്പുവരുത്തുന്നതിന് മാസങ്ങൾക്ക് മുൻപ് കമ്പനി തീരുമാനിച്ചിരുന്നു.

ആഗോള സാമ്പത്തിക വളർച്ച കുറഞ്ഞതും ഉയർന്ന പലിശനിരക്കുമാണ് ടെക് കമ്പനികളെ പ്രതിസന്ധിയിലാക്കുന്നത്. ഒപ്പം യൂറോപിലെ ഊർജ പ്രതിസന്ധിയും പ്രശ്‌നമുണ്ടാകാൻ കാരണമായി.