
കണ്ണൂർ: തലശ്ശേരിയിൽ കാറിൽ നിന്നതിന് ചവിട്ടേറ്റ ആറു വയസുകാരൻ ആശുപത്രി വിട്ടു. കുഞ്ഞിനെയും അമ്മയെയും മഹിളാ മന്ദിരത്തിലേയ്ക്ക് മാറ്റി. നട്ടെല്ലിന് പരിക്കറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ബാലന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതോടെയാണ് ഡിസ്ചാർജ് നൽകി ഷെൽറ്റർ ഹോമിലേയ്ക്ക് മാറ്റിയത്. അതേ സമയം കുഞ്ഞിനെ മർദ്ദിച്ച പ്രതി ഷിഹാദിനെ തലശ്ശേരി കോടതി ഒരു ദിവസത്തെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൃത്യമായ നടപടി സ്വീകരിക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട് പുറത്തു വന്നു.
തലശ്ശേരി എസ്എച്ച്ഒയ്ക്ക് അടക്കം വീഴ്ച സംഭവിച്ചതായി പ്രസ്താവിക്കുന്ന അന്വേഷണ റിപ്പോർട്ട് കണ്ണൂർ റൂറൽ എസ് പി, ഡിജിപിയ്ക്ക്. കൈമാറി. സംഭവ ദിവസം
തലശേരിയിൽ തിരക്കേറിയ തെരുവിൽ നോ പാർക്കിംഗ് ഏരിയയിലാണ് പ്രതി വാഹനം നിർത്തിയിരുന്നത്. തുടർന്നാണ് പ്രകോപിതനായ ഷിഹാദ് കാറിൽ ചാരി നിന്ന കുട്ടിയെ തൊഴിച്ചത്.വ്യാഴാഴ്‌ച രാത്രി നടന്ന സംഭവം കഴിഞ്ഞ് പത്ത് മണിക്കൂറോളമായിട്ടും പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്യാത്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു. ചവിട്ടേറ്റ് അമ്പരന്ന് നിന്നുപോയ കുട്ടിയെ സംഭവത്തിന് ദൃക്‌സാക്ഷികളായവരിൽ ചിലർ ചേർന്ന് ഉടൻ തലശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഒരു അഭിഭാഷകൻ സംഭവം തലശേരി പൊലീസിലും അറിയിച്ചു. തുടർന്ന് ഷിഹാദിന്റെ കാർ പൊലീസ് രാത്രിയിൽ കസ്‌റ്റഡിയിലെടുത്തു. ഇയാളെ രാത്രിയിൽ പൊലീസ് വിളിച്ചുവരുത്തിയെങ്കിലും പിന്നീട് പ്രശ്‌നം വാർത്താപ്രാധാന്യം നേടിയതോടെയാണ് അറസ്‌റ്റുണ്ടായത്.
പ്രതിയെ സ്റ്റേഷനിലെത്തിച്ചിട്ടും എസ്എച്ച്ഒ നടപടിയെടുക്കാതെ തിരികെ അയച്ചത് പ്രധാന വീഴ്ചയായാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തിന്റെ ഗൗരവം മനസിലാക്കി പ്രവർത്തിക്കാത്തതിനും മേലുദ്യോഗസ്ഥരെ വിവരം ധരിപ്പിക്കാത്തതിനും സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരുടെ പേര് റിപ്പോർട്ടിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വൈകാതെ തന്നെ നടപടി സ്വീകരിക്കാനാണ് സാദ്ധ്യത.