cricket

സിഡ്നി : ആതിഥേയരായ ഓസ്ട്രേലിയ ഇല്ലാതെ, ട്വന്റി-20 ലോകകപ്പിന്റെ സെമിഫൈനൽ മത്സരങ്ങൾക്ക് നാളെയും മറ്റന്നാളുമായി കേളികൊട്ട്. ആദ്യ സെമിഫൈനലിൽ കഴിഞ്ഞ ഫൈനലിസ്റ്റുകളായ ന്യൂസിലാൻഡ് ഭാഗ്യംകൊണ്ടുമാത്രം അവസാന നാലിലെത്തിയ പാകിസ്ഥാനെ നേരിടുമ്പോൾ രണ്ടാം സെമിഫൈനലിൽ ഇന്ത്യയ്ക്ക് എതിരാളികൾ ഇംഗ്ളണ്ടാണ്. അടുത്ത ഞായറാഴ്ച ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈനലിന് അരങ്ങൊരുങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

അട്ടിമറികളും മഴക്കളികളും തിരക്കഥയൊരുക്കിയ സൂപ്പർ 12 റൗണ്ട് കടന്നാണ് നാലുടീമുകൾ സെമിയിലേക്ക് കാലെടുത്ത് വച്ചിരിക്കുന്നത്. ആറുടീമുകൾ മത്സരിച്ച ഒന്നാം ഗ്രൂപ്പിൽ നിന്നാണ് കിവീസിന്റെയും ഇംഗ്ളണ്ടിന്റെയും വരവ്. രണ്ടാം ഗ്രൂപ്പിൽ നിന്ന് ഇന്ത്യയും പാകിസ്ഥാനും നോക്കൗട്ടിലേക്ക് കടന്നു. ആദ്യ മത്സരത്തിൽ ആസ്ട്രേലിയയെ തോൽപ്പിച്ച് വീര്യം കാട്ടിയ കിവീസിന് അഫ്ഗാനുമായുള്ള മത്സരം മഴമൂലം നഷ്ടമാവുകയും ഇംഗ്ളണ്ടിനെതിരെ തോൽക്കേണ്ടിവരികയും ചെയ്തെങ്കിലും ശ്രീലങ്കയ്ക്കും അയർലാൻഡിനും എതിരായ വിജയങ്ങൾ ഗ്രൂപ്പിൽ ഒന്നാമന്മാരായി ഫിനിഷ് ചെയ്യാനുള്ള അവസരം നൽകി. അയർലാൻഡിനോട് തോൽക്കുകയും ഓസ്ട്രേലിയയുമായുള്ള മത്സരം ഉപേക്ഷിക്കുകയും ചെയ്തപ്പോൾ ഇംഗ്ളണ്ട് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ റൺറേറ്റിൽ മറികടന്ന് സെമിയിലെത്തുകയായിരുന്നു.

ആദ്യ മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിച്ച് തുടങ്ങിയ ഇന്ത്യ ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്കയോട് മാത്രമാണ് തോറ്റത്. പാകിസ്ഥാന് പിന്നാലെ നെതർലാൻഡ്സ്,ബംഗ്ളാദേശ്,സിംബാബ്‌വെ എന്നിവരെയാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യയുടെ ഒരുമത്സരം പോലും മഴ കാരണം ഉപേക്ഷിക്കേണ്ടിവന്നില്ല. അതേസമയം പാകിസ്ഥാന് ആദ്യ രണ്ട് മത്സരങ്ങളിലും തോൽക്കേണ്ടിവന്നു. ഇന്ത്യയ്ക്ക് പിന്നാലെ സിംബാബ്‌വെയും പാകിസ്ഥാനെ തോൽപ്പിച്ചിരുന്നു. എന്നാൽ ഇന്ത്യ തോൽപ്പിച്ച പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ച ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ആശ്വാസം വീണ്ടെടുത്തു. പിന്നെ നെതർലാൻഡ്സിനെയും ബംഗ്ളാദേശിനെയും തോൽപ്പിച്ചെങ്കിലും സെമിയിലെത്താൻ കാരണമായത് ദക്ഷിണാഫ്രിക്ക അവസാന മതസരത്തിൽ നെതർലാൻഡ്സിനോട് അട്ടിമറിത്തോൽവി ഏറ്റുവാങ്ങിയതാണ്.

സൂപ്പർ 12ലെ അട്ടിമറികൾ

അയർലാൻഡ് അഞ്ചുറൺസിന് ഇംഗ്ളണ്ടിനെ തകർത്തു.

സിംബാബ്‌വെ ഒരു റൺസിന് പാകിസ്ഥാനെ തോൽപ്പിച്ചു.

നെതർലാൻഡ്സ് 13 റൺസിന് ദക്ഷിണാഫ്രിക്കയെ കീഴടക്കി

ട്വന്റി-20 ലോകകപ്പ് സെമിഫൈനൽ മത്സരങ്ങൾ നാളെയും മറ്റന്നാളും

സെമി ഫിക്സ്ചർ

നവംബർ 9 ബുധൻ

ന്യൂസിലാൻഡ് Vs പാകിസ്ഥാൻ

1.30 pm മുതൽ സിഡ്നിയിൽ

നവംബർ 10 വ്യാഴം

ഇന്ത്യ Vs ഇംഗ്ളണ്ട്

1.30 pm മുതൽ അഡ്‌ലെയ്ഡിൽ