
രാജ്യത്തെ കള്ളപ്പണത്തിന് തടയിടാനായും ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ കൂടുതൽ പ്രചരിപ്പിക്കാനും ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റ കാലഘട്ടത്തിൽ നടപ്പിലാക്കിയ നോട്ട് നിരോധനം പൊതുജനങ്ങൾ മറന്നിരിക്കാൻ വഴിയില്ല. 2016 നവംബർ എട്ടിന് 100-ന്റെയും 500-ന്റെയും നോട്ടുകൾ അസാധുവാക്കിക്കൊണ്ട് അപ്രതീക്ഷിതമായി വന്ന നോട്ട് നിരോധനം പലർക്കും അത്ര നല്ല ഓർമയല്ല സമ്മാനിച്ചിട്ടുള്ളത്. കറൻസി ക്ഷാമവും ബാങ്കുകൾക്ക് മുന്നിൽ നീണ്ട ക്യൂവും സൃഷ്ടിച്ച നിരോധനത്തിന് ശേഷം ആറ് വർഷങ്ങൾ കടന്ന് പോയിട്ടും വിനിമയത്തിനായി നോട്ട് ഉപയോഗിക്കുന്നതിൽ കുറവ് രേഖപ്പെടുത്തിയിട്ടില്ല എന്നാണ് ആർബിഐ പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.
പുതിയ കണക്ക് പ്രകാരം പൊതുജനത്തിന്റെ കൈയിൽ 30.83 ലക്ഷം കോടി രൂപയാണ് വിവിധ ആവശ്യങ്ങൾക്കായുള്ളത്. 2016 നവംബറിൽ 17 ലക്ഷം കോടി രൂപയാണ് ആകെ ഉപയോഗത്തിലുണ്ടായിരുന്നത്. ഈ കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ 2016-നെ അപേക്ഷിച്ച് 71.84 ശതമാനം വർദ്ധനവാണ് പൊതുജനങ്ങളുടെ പക്കലുള്ള കൻസിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. വിനിമയത്തിനായുള്ള ആകെ നോട്ടുകളിൽ നിന്ന് ബാങ്കിലുള്ള കറൻസിയുടെ എണ്ണം കുറച്ചതിന് ശേഷമുള്ള കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. നോട്ട് നിരോധനത്തിന് പിന്നാലെ ഡിജിറ്റൽ പണമിടപാടുകളിൽ വലിയ വർധന തന്നെ ഉണ്ടായെങ്കിലും അതിനനുസൃതമായി തന്നെ കറൻസി ഉപയോഗത്തിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അപ്രതീക്ഷിത നീക്കത്തിലൂടെ കറൻസികൾ അസാധുവാക്കിയപ്പോൾ ശരിക്കും കുടുങ്ങിയത് സാധാരണ ജനങ്ങളായിരുന്നു. രാജ്യത്ത് വൻ തോതിൽ കറൻസി ക്ഷാമം അനുഭവപ്പെട്ടു. പിൻവലിക്കാവുന്ന തുകയുടെ പരിധി കുറച്ചതോടെ എ.ടി.എമ്മുകൾക്കും ബാങ്കുകൾക്കും മുന്നിൽ നീണ്ട ക്യൂവും പ്രത്യക്ഷപ്പെട്ടു. ഏതാണ്ട് 115 പേർ വിവിധയിടങ്ങളിൽ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. ചെറുകിട ബിസിനസ് സംരംഭങ്ങൾക്ക് കനത്ത തിരിച്ചടി നേരിട്ടതും രാജ്യത്തെ സാമ്പത്തിക നിലയെ അവതാളത്തിലാക്കി. ജി.ഡി.പി നിരക്കിലും കാര്യമായ കുറവുണ്ടായി. പിന്നീടാണ് 2000,500 രൂപയുടെ പുത്തൻ നോട്ടുകൾ റിസർവ് ബാങ്ക് പുറത്തിറക്കുന്നത്. എന്നാൽ ഇവ എ.ടി.എം വഴി പിൻവലിക്കാൻ കഴിയാത്തത് വീണ്ടും തിരിച്ചടിയായി. പുതിയതായി പുറത്തിറങ്ങിയ 2000-ന്റെ നോട്ടിന് ദിവസങ്ങൾക്കുള്ളിൽ തന്നെ വ്യാജനും രംഗത്തെത്തിയിരുന്നു.