afghan

കാബൂൾ : സ്ഥാപകൻ മുല്ല ഒമറിന്റെ മൃതദേഹം സംസ്കരിച്ചത് എവിടെയെന്ന് വെളിപ്പെടുത്തി അഫ്ഗാനിസ്ഥാനിലെ താലിബാൻ. ഏകദേശം ഒമ്പത് വർഷത്തോളം താലിബാൻ ഇത് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. 1996 മുതൽ 2001 വരെ അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന്റെ തലവനായിരുന്ന മുല്ല ഒമർ ഒളിവിൽ കഴിയവെ 2013 ഏപ്രിലിൽ മരിച്ചെന്ന് 2015ൽ താലിബാൻ സ്ഥിരീകരിച്ചിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. 2001 സെപ്റ്റംബറിൽ വേൾഡ് ട്രേഡ് സെന്ററിലടക്കം നടന്ന ഭീകരാക്രമണത്തിന് പിന്നാലെ യു.എസ് താലിബാനെതിരെ നീക്കം നടത്തിയതോടെയാണ് ഒമർ ഒളിവിൽ പോയത്. സാബുൽ പ്രവിശ്യയിലെ സുരി ജില്ലയിലെ ഒമാർസോയ്ക്ക് അടുത്താണ് ഒമറിന്റെ കല്ലറ. ശത്രുക്കൾ നശിപ്പിക്കാതിരിക്കാൻ വേണ്ടിയാണ് ഇത്രയും നാൾ ഇവിടം രഹസ്യമായി സൂക്ഷിച്ചതെന്ന് താലിബാൻ നേതാക്കൾ പറയുന്നു. ഒമറിന്റെ കല്ലറയുടെ ചിത്രവും താലിബാൻ പുറത്തുവിട്ടു. ഇനി ഇവിടേക്ക് സന്ദർശകരെ പ്രവേശിപ്പിക്കാനാണ് താലിബാന്റെ നീക്കം.