gg

തിരുവനന്തപുരം : കെ.ടി.യു താത്‌ക്കാലിക വി,​സി നിയമനത്തിൽ ഗവർണർക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. ഗവർണർ നടത്തിയ നിയമനം സർവകലാശാലാ നിയമത്തിന് വിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിയമനം റദ്ദാക്കണമെന്ന് സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജിയിൽ ഉത്തരവുണ്ടാകുന്നത് വരെ കേരളത്തിലെ ഏതെങ്കിലും വി,​സിമാർക്ക് പകരം ചുമതല നൽകാൻ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഡോ. സിസ തോമസിനെയാണ് കെ.ടി.യു വിസിയായി ഗവർണർ നിയമിച്ചത്. സിസ തോമസ് ദിവസങ്ങൾക്ക് മുമ്പ് ചുമതലയേറ്റിരുന്നു.

അതേസമയം ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് എല്ലാ വി,സിമാരും വിശദീകരണം നൽകി. വി.സിമാർക്ക് മറുപടി നൽകുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിച്ചിരുന്നു. പത്ത് വൈസ് ചാൻസലർമാരാണ് മറുപടി നൽകിയത്. വി,​സിമാരുടെ ഹിയറിംഗ് കൂടി നടത്തിയ ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് ഗവർണറുടെ നീക്കം. യു,​ജി.സി മാർഗനിർദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്നാണ് വി.സിമാർ വിശദീകരണം നൽകിയത്.

കേരള സർവകലാശാല,​ എം.ജി,​ കുസാറ്റ്,​ കേരള ഫിഷറീസ് സർവകലാശാല,​ കണ്ണൂർ,​ സാങ്കേതിക സർവകലാശാല,​ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല,​ കാലിക്കറ്റ് സർവകലാശാല,​ മലയാളം സർവകലാശാല വി.സിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടത്. നിയമനം ചട്ടപ്രകാരമല്ലെന്ന് കാണിച്ച് സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് വി.സിമാരോട് ഗവർണർ രാജി ആവശ്യപ്പെട്ടത്. ഇതിനെതിരെ ഹൈക്കോടതിയിൽ വി.സിമാർ നൽകിയ ഹർജിയിൽ വിശദീകരണം നൽകാൻ സമയമനുവദിച്ചിരുന്നു.