prime-video

ഇന്ത്യയിൽ പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ മികച്ച നിലവാരത്തിലുള്ള കണ്ടന്റ് അവതരിപ്പിക്കുന്നതിൽ മുനഗണനയിലുള്ള ഒടിടി പ്ളാറ്റ‌്ഫോമാണ് ആമസോൺ പ്രൈം. നെറ്റ്ഫ്ലിക്സ് അടക്കം ഹിന്ദി ഭാഷാ ചിത്രങ്ങൾക്കും സീരീസുകൾക്കും മുൻഗണന നൽകിയ തുടക്കകാലഘട്ടത്തിൽ തന്നെ അതിൽ നിന്നും വ്യത്യസ്തമായി ദക്ഷിണേന്ത്യൻ ഭാഷകളിൽ കണ്ടന്റ് അവതരിപ്പിച്ച് ആമസോൺ പ്രൈം ശ്രദ്ദ നേടി. എന്നാൽ മറ്റ് ഒടിടി പ്ളാറ്റ‌്ഫോമുകളെ അപേക്ഷിച്ച് സബ‌്സ്ക്രിപ്ഷൻ റേറ്റിന്റെ നിരക്ക് കൂടുതലാണ് എന്ന പരാതി സാധാരണയായി ആമസോൺ പ്രൈം ഉപയോക്താക്കളിൽ നിന്നും ഉയർന്ന് കേൾക്കുന്നതാണ്. ഇതിന് പിന്നിലെ പ്രധാന കാരണം പൂർണമായും മൊബൈൽ അധിഷ്ടിതമായ ഒരു സബ‌്സ്ക്രിപ്ഷൻ പ്ളാൻ ആമസോൺ അവതരിപ്പിച്ചിട്ടില്ല എന്നതായിരുന്നു.

ആഗോള ഒടിടി മേഖലയിലെ ആമസോണിന്റെ പ്രധാന എതിരാളിയായ നെറ്റ്ഫ്ളിക്സ് അടക്കം ഇത്തരം പ്രതിമാസ നിരക്കിലുള്ല മൊബൈൽ പ്ളാനുകൾ കുറഞ്ഞ നിരക്കിൽ അവതരിപ്പിച്ചെങ്കിലും പിന്നെയും കാത്തിരിക്കാനായിരുന്നു ആമസോൺ പ്രൈം ഉപയോക്താക്കളുടെ നിയോഗം. എന്നാൽ ഏറെ കാത്തിരുന്ന ആ തീരുമാനം ഇപ്പോൾ തങ്ങളുടെ ഉപയോക്താക്കൾക്കായി നടപ്പിലാക്കുകയാണ് ആമസോൺ. ഇന്ത്യയിലെ ഉപയോക്താക്കളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കുറഞ്ഞ നിരക്കിലുള്ള പുതിയ മൊബൈൽ പ്ളാൻ ആമസോൺ പ്രൈം അവതരിപ്പിച്ചത്.

prime-video

ഇന്ത്യയിൽ ആമസോൺ പ്രൈം അവതരിപ്പിച്ച പുതിയ മൊബൈൽ പ്ളാൻ പ്രകാരം ഒരു ഉപയോക്താവ് പ്രതിവർഷം നൽകേണ്ട തുക 599 രൂപ മാത്രമാണ്. നിലവിൽ ഒരു വർഷത്തേയ്ക്കുള്ള ആമസോൺ പ്രൈം തുക 1499 രൂപയാണ്. എന്നാൽ ഈ പ്ളാനിൽ ലഭിക്കുന്ന മുഴുവൻ സൗകര്യങ്ങളും പുതിയ കുറഞ്ഞ നിരക്കിലെ പ്ളാനിൽ ആസ്വദിക്കാൻ കഴിയില്ല. ഒരാൾക്ക് ഒരു സ്മാർട്ട് ഫോണിൽ മാത്രം എസ്‌ഡി ക്വാളിറ്റിയിൽ ഉപയോഗിക്കാവുന്നതാണ് പുതിയ പ്ളാൻ. ആമസോൺ പ്രൈം യൂസേഴ്സിന് സാധാരണയായി ലഭിക്കാറുള്ള ഒന്നിൽ കൂടുതൽ യൂസേഴ്സിന് ഒരു അക്കൗണ്ട് ഉപയോഗിക്കാനുള്ള സൗകര്യവും 4കെ ക്വാളിറ്റിയിൽ വരെ ഫോണിലും സ്മാർട്ട് ടിവിയിലും അടക്കം സ്ട്രീം ചെയ്യാനുള്ള സൗകര്യവും കുറഞ്ഞ പ്രതിവർഷ പ്ളാനിൽ ലഭിക്കില്ല. പ്രൈം വീഡിയോ ആപ്ളിക്കേഷൻ വഴിയോ വെബ്സൈറ്റ് സന്ദർശിക്കുന്നത് വഴിയോ പ്രതിവർഷ മൊബൈൽ ഫോൺ പ്ലാൻ സേവനം കുറഞ്ഞ നിരക്കിൽ ആരംഭിക്കാവുന്നതാണ്.