
ഇസ്‌ലാമാബാദ്: ചൈനയും പാകിസ്ഥാനും സംയുക്തമായി രഹസ്യകേന്ദ്രത്തിൽ അതിവിനാശകരമായ ജൈവായുധം നിർമിക്കുന്നതായി റിപ്പോർട്ട്. പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ 'കൊളാബുറേഷന്‍ ഫോര്‍ എമേര്‍ജിങ്ങ് ഇന്‍ഫെക്ഷന്‍സ് ഡിസീസ് ആന്‍റ് സ്റ്റഡീസ് ഓണ്‍ ബയോളജിക്കല്‍ കണ്‍ട്രോള്‍ ഓഫ് വെക്ടര്‍ ട്രാന്‍സ് മിറ്റിങ്ങ് ഡിസീസ്' എന്ന പേരിൽ കൊവിഡിനെക്കാൾ വിനാശകരമായ വൈറസിന്റെ നിർമിതി നടക്കുന്നുണ്ടെന്നാണ് ജിയോ പൊളിറ്റിക്സിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്.
കൊവിഡിന് പിന്നിലുള്ള കരങ്ങൾ എന്ന ആരോപണം നിലനിൽക്കുന്ന വുഹാന്‍ വൈറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സഹായത്തോടെയാണ് പാകിസ്ഥാന്റെ ഡിഫന്‍സ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഓര്‍ഗനൈസേഷൻ ജൈവായുധം തയ്യാറാക്കുന്നത് എന്നാണ് വിവരം. ജൈവായുധത്തെക്കുറിച്ചുള്ള വിവരം പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി പാകിസ്ഥാനും രംഗത്തെത്തിയിട്ടുണ്ട്. റിപ്പോർട്ടിൽ പറയുന്ന സംവിധാനം രഹസ്യ കേന്ദ്രം അല്ലെന്നും അതിസുരക്ഷിതമായ ലബോറട്ടറിയെക്കുറിച്ചുള്ള വിവരങ്ങൾ സ്റ്റേറ്റ്സ് പാര്‍ട്ടീസ് ടു ദ ബയോളജിക്കല്‍ ആന്‍റ് ടോക്സിന്‍സ് വെപ്പണ്‍സ് കണ്‍വെന്‍ഷനില്‍ തങ്ങൾ പങ്കു വെയ്ക്കാറുണ്ടെന്നും ബയോ സേഫ്റ്റി നിലയിൽ മൂന്ന് രേഖപ്പെടുത്തിയിട്ടുള്ള ഇൻസ്റ്റിട്യൂട്ടാണ് ആണ് റാവൽപിണ്ടിയിൽ ഉള്ളതെന്നുമായിരുന്നു പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലെ വിവരം.
എന്നാൽ റാവൽപ്പിണ്ടിയിലുള്ള ബയോ സേഫ്ടി ലെവൽ നാലിൽ പെടുന്ന ഡിഫന്‍സ് സയന്‍സ് ആന്‍ഡ് ടേക്നോളജി ഓര്‍ഗനൈസേഷന്‍റെ കീഴിലുള്ള ചക്‍ലാല കണ്‍ഡേവ്മെന്‍റിലെ ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ചാണ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളത് എന്ന് ജിയോ പൊളിറ്റിക്സ് വ്യക്തമാക്കി. ജീവന് ഭീഷണിയായ ഗണത്തിലുള്ള മാരകമായ വൈറസുകളെകുറിച്ചുള്ള പഠനമാണ് ബയോസേഫ്റ്റി നാല് വിഭാഗത്തിലുള്ല ഇൻസ്റ്റിട്യൂട്ടുകളിൽ നടക്കുന്നത്. റാവൽപിണ്ടിയിലെ രഹസ്യസംവിധാനം ടൂസ്റ്റാർ കേണലിന്റെ സുരക്ഷയുടെ കീഴിലാണ് വരുന്നത് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
പാകിസ്ഥാനെ പോലെ പട്ടാളത്തിന് ഭരണത്തിൽ വ്യക്തമായ മുൻഗണനയുള്ള രാജ്യത്തിൽ ഇത്തരം പരീക്ഷണം നടക്കുന്നത് ആശങ്കാജനകമാണെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. പാകിസ്ഥാൻ സൈന്യത്തിന്റെ കീഴിലുള്ള ലാബിൽ പരീക്ഷണങ്ങൾ നടക്കാൻ സാദ്ധ്യതയില്ലെന്നും ജൈവായുധ നിർമാണമാണ് നടക്കുന്നത് എന്നാണുമാണ് ആരോപണം.