
സോൾ : ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ സമ്മാനമായി നൽകിയ രണ്ട് നായകളുടെ സംരക്ഷണ ചുമതലയിൽ നിന്ന് ഒഴിയാൻ ഒരുങ്ങുന്നതായി ദക്ഷിണ കൊറിയയുടെ മുൻ പ്രസിഡന്റായ മൂൺ ജേ - ഇൻ. നായകളുടെ പരിപാലനത്തിനുള്ള ഫണ്ട് ആരിൽ നിന്ന് ഈടാക്കണമെന്നതിനെ ചൊല്ലി ഇപ്പോഴത്തെ സർക്കാരുമായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നതയെ തുടർന്നാണ് മൂണിന്റെ നീക്കം. 2018ൽ ഒരു ഉച്ചകോടിയ്ക്ക് ശേഷമാണ് കിം മൂണിന് ഈ നായകളെ സമ്മാനിച്ചത്. മേയിൽ പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷവും മൂൺ ഈ നായകളെ പരിപാലിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇത് സർക്കാരിന് തിരിച്ചുകൊടുക്കാനാണ് മൂണിന്റെ ശ്രമം. പങ്ങ്സാൻ ഇനത്തിലെ ഗോമി, സോംങ്ങ്‌ഗാങ്ങ് എന്നീ വെള്ള നിറത്തിലെ ഈ നായകൾ നിയമപരമായി പ്രസിഡൻഷ്യൽ ആർക്കൈവ്സിൽപ്പെടുന്ന സർക്കാർ സ്വത്തിന്റെ കൂട്ടത്തിലാണ് ഉൾപ്പെട്ടിട്ടുള്ളത്. എന്നാൽ പദവി ഒഴിഞ്ഞ ശേഷവും ഇവയുടെ പരിപാലന ചുമതല മൂണിന് നൽകിയിരുന്നതായി അദ്ദേഹത്തിന്റെ ഓഫീസ് പറയുന്നു. ആഭ്യന്തര മന്ത്രാലയവുമായുള്ള ധാരണ പ്രകാരം ഇവയുടെ പരിപാലന ചുമതല സർക്കാർ ബഡ്ജറ്റിൽ വിലയിരുത്തുമെന്നായിരുന്നു. ഇത് മാസം ഏകദേശം 1,800 ഡോളർ വരുമെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച കൂടിയാലോനകൾക്ക് ശേഷമാണ് മൂണിനെ പരിപാലനത്തിനായി ചുമതലപ്പെടുത്തിയത്. എന്നാലിപ്പോൾ നിലവിലെ പ്രസിഡന്റ് യൂൻ സുക് - യോളിന്റെ ഭരണകൂടത്തിൽ നിന്ന് വിശദീകരണമില്ലാത്ത എതിർപ്പ് ഉയർന്നെന്നും ഇത് കാരണം നേരത്തെയുണ്ടായിരുന്ന ധാരണ തകർന്നെന്നും മൂണിന്റെ ഓഫീസ് പറയുന്നു. എന്നാൽ വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്നാണ് യൂൻ സുക് - യോളിന്റെ ഓഫീസ് പറയുന്നത്. യൂൻ സുക് - യോളിന് നാല് നായകളും മൂന്ന് പൂച്ചകളും വളർത്തുമൃഗങ്ങളായുണ്ട്.