hvaldimir

ഓസ്‌ലോ : നോർവെക്കാർക്ക് സുപരിചിതനായ ' വാൽഡിമിർ " എന്ന റഷ്യൻ ' ചാര " ബെലൂഗ തിമിംഗലത്തിന് സാങ്ങ്‌ച്വറിയൊരുക്കാൻ അധികൃതർ. 2019 ഏപ്രിലിൽ റഷ്യയുടെ വടക്കൻ തീരത്ത് ആർട്ടിക് ഐലൻഡ്‌സിന് സമീപമുള്ള നോർവീജിയൻ തീരദേശ ഗ്രാമമായ ഇംഗയിയ്ക്കടുത്ത് മത്സ്യബന്ധനം നടത്തിയിരുന്ന ഏതാനും തൊഴിലാളികളാണ് വാൽഡിമിറിനെ പിടികൂടിയത്.

വലയിൽപ്പെടാതെ ഒഴിഞ്ഞു മാറുന്നതിന് പകരം വാൽഡിമിർ മത്സ്യ ബന്ധന ബോട്ടിനു നേരെ നീന്തുകയായിരുന്നു. വാൽഡിമിറിന്റെ ശരീരത്തിൽ ഉയർന്ന ക്വാളിറ്റിയിൽ ചിത്രങ്ങൾ പകർത്താൻ കഴിയുന്ന ഗോപ്രോ കാമറ ഫിറ്റിംഗ്സുകളോടെ റഷ്യൻ സൈന്യത്തിൽ കുതിരകൾക്ക് ഉപയോഗിക്കുന്ന പ്രത്യേക കടിഞ്ഞാണിൽ ബന്ധിച്ച് ഘടിപ്പിച്ചിരുന്നു.

കാമറയിൽ സെന്റ് പീറ്റേഴ്സ്‌ബർഗ് എന്ന് എഴുതിയിരുന്നു. കരിങ്കടലിൽ ഡോൾഫിനുകളെയും ആർട്ടിക് മേഖലയിൽ ബെലൂഗ തിമിംഗലങ്ങളെയും സീലുകളെയും റഷ്യൻ സൈന്യം പരിശീലനം നൽകി വിന്യസിച്ചിട്ടുണ്ടെന്ന് വ്യാപക പ്രചാരണങ്ങൾ ഉള്ളതിനാൽ വാൽഡിമിർ റഷ്യൻ ' ചാരൻ " ആണോ എന്ന സംശയം ഉയർന്നു.

അന്തർവാഹിനികളിലൂടെയോ മറ്റോ ഏതെങ്കിലും തരത്തിലെ ഭീഷണി ഉയർന്നാൽ നേരിടാനാണത്രെ റഷ്യ തങ്ങളുടെ നാവിക താവളങ്ങൾക്ക് സമീപം പരിശീലനം നൽകിയ ബെലൂഗകളേയും ഡോൾഫിനുകളെയും വിന്യസിക്കുന്നത്. ഇവയ്ക്ക് കടലിനടിയിലൂടെ വരുന്ന ശത്രുക്കളെയും സ്ഫോടക വസ്തുക്കളെയും തിരിച്ചറിയാനാകുമെന്ന് വിദഗ്ദ്ധർ പറയുന്നു.

എന്നാൽ, വാൽഡിമിർ എവിടെ നിന്ന് വന്നു എന്നോ ചാര ബെലൂഗ ആയിരുന്നോ എന്നും ഇന്നും വ്യക്തമല്ല. തിമിംഗലത്തിന്റെ നോർവീജിയൻ പദമായ' വാൽ" റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പേരിനൊപ്പം ചേർത്താണ് വാൽഡിമിർ എന്ന പേര് ഇതിന് നൽകിയത്. നോർവീജിയൻ അധികൃതർ പിടികൂടിയ വാൽഡിമിറിനെ ഹാമർഫെസ്റ്റിലെ ഹാർബറിലെത്തിച്ച് ഫിഷറീസ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ പരിപാലിച്ചു.

2019 ജൂലായിൽ കടലിൽ സ്വതന്ത്രനാക്കപ്പെട്ടെങ്കിലും വാൽഡിമിർ ഹാമർഫെസ്റ്റിലെ ഹാർബറിൽ ചുറ്റിത്തിരിയുകയാണ്. മനുഷ്യരുമായി നല്ല ചങ്ങാത്തമുള്ള വാൽഡിമിറിനെ കാണാൻ തീരത്ത് നിരവധി പേർ എത്താറുണ്ട്. എന്നാൽ ചിലരിൽ നിന്ന് വാൽമിഡിർ ശല്യം നേരിട്ടതോടെ പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തി. വാൽഡിമിറിനെ പുനരധിവസിപ്പിക്കാൻ നടപടി വേണമെന്ന് ആവശ്യമുയർന്നു.

ഇപ്പോൾ ആഡം തോർപ് എന്ന ബ്രിട്ടീഷ് സംരംഭകനാണ് ഇതിനായി മുന്നോട്ട് വന്നിരിക്കുന്നത്. ലോകത്തെ ആദ്യത്തെ ഓപ്പൺ - വാട്ടർ വെയ്‌ൽ സാങ്ങ്ച്വറിയൊരുക്കാനുള്ള ഫണ്ട് ശേഖരണത്തിലാണ് ഇദ്ദേഹം. ഹാമർഫെസ്റ്റിലെ ഉൾക്കടലിൽ 500 ഏക്കറിലുള്ള ഈ സംരക്ഷണ കേന്ദ്രത്തിന്റെ നിർമ്മാണം അടുത്ത വർഷം ആദ്യം തുടങ്ങും.

ഇദ്ദേഹം സ്ഥാപിച്ച വൺവെയ്‌ൽ എന്ന ചാരിറ്റി സംഘടന നിലവിൽ വാൽഡിമിറിന്റെ നിരീക്ഷണത്തിനും സംരക്ഷണത്തിനും ധനസഹായം നൽകുന്നുണ്ട്. സാങ്ങ്‌ച്വറിയിൽ വാൽഡിമിറിനെ കൂടാതെ മനുഷ്യരുടെ സംരക്ഷണത്തിൽ ജീവിച്ച മറ്റ് തിമിംഗലങ്ങളെയും പാർപ്പിക്കും. യൂട്യൂബ് വീഡിയോകളിലൂടെയും മറ്റും വാൽഡിമിർ വൈറലാണ്.

ബെലൂഗ

മനുഷ്യരുമായി വളരെ വേഗം ഇണങ്ങിച്ചേരുന്നവയാണ് ആർട്ടിക് സമുദ്ര മേഖലയിൽ കാണപ്പെടുന്ന ബെലൂഗ തിമിംഗിലങ്ങൾ. നല്ല ബുദ്ധിശക്തിയാണിവയ്ക്ക്. അതുകൊണ്ട് തന്നെ, ഇവയെ നായ്ക്കളെ പരിശീലിക്കുന്ന പോലെ കൃത്യമായി കാര്യങ്ങൾ പഠിപ്പിക്കാൻ കഴിയും.