
ജനീവ : യൂറോപ്പിൽ ഈ വർഷമുണ്ടായ ഉഷ്ണതരംഗത്തിൽ ഇതുവരെ കുറഞ്ഞത് 15,000 പേരെങ്കിലും മരിച്ചതായി ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ ). സ്പെയിനും ജർമ്മനിയുമാണ് ഉഷ്ണ തരംഗം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങൾ. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് യൂറോപ്പിൽ റെക്കോഡ് ചൂട് രേഖപ്പെടുത്തിയത്. മദ്ധ്യകാലഘട്ടത്തിന് ശേഷം യൂറോപ്പ് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വരൾച്ചയും ഈ കാലയളവിലുണ്ടായി.
ഏകദേശം 4,000ത്തോളം പേർ സ്പെയിനിലും 4,500ഓളം പേർ ജർമ്മനിയിലും മരിച്ചു. പോർച്ചുഗലിൽ 1,000ത്തിലേറെയും യു.കെയിൽ 3,200ലേറെയും പേർ ഈ മൂന്ന് മാസത്തിനിടെ മരിച്ചു. കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള ഡേറ്റകൾ ലഭിക്കുന്നതോടെ മരണ സംഖ്യ ഇനിയും ഉയരും. സ്പെയിനിലും ഫ്രാൻസിലും ഏക്കറുകണക്കിന് പ്രദേശം കാട്ടുതീയിൽ നശിച്ചിരുന്നു. കാർഷിക മേഖല സ്തംഭിച്ചു. ഡാമുകളിൽ ജലനിരപ്പ് കുറഞ്ഞത് വൈദ്യുതി മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചു.
40 ഡിഗ്രി സെൽഷ്യസിലേറെ ചൂടാണ് ഉഷ്ണതരംഗ കാലയളവിൽ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ രേഖപ്പെടുത്തിയത്. യു.കെയിലെ താപനില സർവകാല റെക്കോഡുകൾ മറികടന്നാണ് 40 ഡിഗ്രി സെൽഷ്യസിന് പുറത്തെത്തിയത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ, ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവർ, പ്രമേഹരോഗികൾ, വൃദ്ധർ എന്നിവരെയാണ് ചൂട് കൂടുതലായി ബാധിച്ചത്. താപനിലയിലുണ്ടായ കുതിച്ചുച്ചാട്ടം വിവിധ പകർച്ചവ്യാധികൾക്കും കാരണമായി.