arya-rajendran

തിരുവനന്തപുരം: നഗരസഭയിൽ താൽക്കാലിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് ഇന്ന് മേയർ ആര്യാ രാജേന്ദ്രന്റെ മൊഴി രേഖപ്പെടുത്തും. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനും പാർലമെന്ററി പാർട്ടി സെക്രട്ടറിയുമായ ഡി ആർ അനിൽ, സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരുടെ മൊഴിയുമെടുക്കും.

കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് ഉടൻ കേസെടുക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മേയറടക്കമുള്ളവരുടെ മൊഴിയെടുത്ത ശേഷം തുടർനടപടികൾ ആലോചിക്കാൻ ഉന്നതതലയോഗം ചേരും. ആര്യാ രാജേന്ദ്രന്റെ പരാതിയിൽ ഇന്നലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി ജി പി അനിൽകാന്ത് ഉത്തരവിട്ടത്.

ക്രൈംബ്രാഞ്ച് എസ് പി എസ് മധുസൂദനന്റെ മേൽനോട്ടത്തിൽ ഡി വൈ എസ് പി ജലീൽ തോട്ടത്തിലാണ് കേസന്വേഷിക്കുന്നത്. വിവാദ കത്തിനെക്കുറിച്ച് പാർട്ടിതല അന്വേഷണമുണ്ടാകുമെന്ന് സി പി എം ജില്ലാ സെക്രട്ടറിയും അറിയിച്ചിട്ടുണ്ട്. മേയറുടെ പേരിൽ ഇങ്ങനെയൊരു കത്ത് പ്രചരിച്ചതിൽ നഗരസഭാ കക്ഷി സെക്രട്ടറിയുടെ ഭാഗത്ത് നോട്ടപ്പിശകുണ്ടെന്നാണ് സി പി എം വിലയിരുത്തുന്നത്.