
വീടിനോട് ചേർന്നൊരു വനമൊരുക്കി എഞ്ചിനീയറായ എറണാകുളം എടവനക്കാട് സ്വദേശി ഐ.ബി മനോജ് പ്രകൃതിയോടുള്ള പ്രണയം തുടരുകയാണ്. മനോജിന്റെ വീട്ടുമുറ്റത്തു ഒന്നര ഏക്കറിൽ പൂർണ വളർച്ചയെത്തിയ വൃക്ഷങ്ങൾ പടർന്നുപന്തലിച്ചു നിൽക്കുന്നു. ഈ വനത്തിനു പിന്നിൽ വർഷങ്ങളുടെ പ്രയത്നമുണ്ട്.2021ലെ വനമിത്ര അവാർഡ് നേടിയ മനോജ് പരീക്ഷണാടിസ്ഥാനത്തിൽ 10 സെന്റിലാണ് ആദ്യം വനമൊരുക്കിയത്. ഫല വൃക്ഷങ്ങളായിരുന്നു അധികവും. സ്ഥലവിസ്തൃതി കൂട്ടിയതോടെ ഇപ്പോൾ എല്ലാ മരങ്ങളും നട്ടുപിടിപ്പിക്കുകയാണ് .തന്റെ ജീവിതം പ്രകൃതിയുമായി കൂട്ടിയിണക്കി പച്ചപ്പിനാൽ പുതയ്ക്കുകയാണ് മനോജ്. വിത്തുകൾ ശേഖരിച്ച്, മുളപ്പിച്ച്, വൃക്ഷത്തൈയാക്കി അവയെ മണ്ണിന്റെ മടിയിൽ എത്തിക്കുകയും വരുന്ന തലമുറയ്ക്ക് പ്രകൃതിയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയുമാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം.മറ്റുള്ളവർക്ക് വൃക്ഷത്തൈകൾ നൽകാൻ മനോജിന് നൂറുമനസാണ്.
25 വർഷത്തോളമായി തുടരുന്ന പ്രകൃതിയോടിണങ്ങിയ മനോജിന്റെ ജീവിതത്തിൽ ലക്ഷത്തോളം തൈകൾ നടുകയും മറ്റുള്ളവരിലേക്കെത്തിക്കുകയും ചെയ്തിട്ടുണ്ട്. എൻജിനിയറിംഗ് മേഖലയിൽ നിന്നുകൊണ്ടാണ് മനോജ് തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്. പ്രകൃതിയെ തന്റെ അമ്മയായി കാണുന്ന വർക്കിടയിൽ മനോജ് വനപാലകനായി നിലകൊള്ളുന്നു . ചക്കയും മാങ്ങയും മാത്രമല്ല പൊതുവെ വനത്തിൽ മാത്രം കാണപ്പെടുന്ന വനവൃക്ഷങ്ങൾ, തണൽ മരങ്ങൾ, ഔഷധ വൃക്ഷങ്ങൾ, മുളകൾ, നാടൻ വിത്തുശേഖരം തുടങ്ങിയവയെല്ലാം വീട്ടുമുറ്റത്തെ മനോജിന്റെ ഇഷ്ട ശേഖരത്തിലുണ്ട്. 12 വർഷത്തോളമായി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വൃക്ഷത്തൈകൾ ശേഖരിച്ച് വച്ച് പിടിപ്പിക്കുന്നുമുണ്ട്. ഇത് വിദ്യാർത്ഥികൾക്കിടയിൽ വലിയ പ്രോത്സാഹനമാകുമെന്നാണ് അദ്ദേഹം കരുതുന്നത്.പ്രകൃതി സംരക്ഷണത്തിന്റെ ഉത്തരവാദിത്വം പുതിയ തലമുറ ഏറ്റെടുക്കണമെന്നാണ് മനോജിന്റെ അഭിപ്രായം.
ശുദ്ധ വായുവും ശുദ്ധ ജലവും നല്ല ഭക്ഷണവും മനുഷ്യന് ലഭിക്കണമെങ്കിൽ പ്രകൃതിയോടിണങ്ങി മണ്ണിൽ വിത്ത് മുളപ്പിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.ആവശ്യക്കാർക്ക് വൃക്ഷത്തൈകൾ നൽകുന്നതിനൊപ്പം ശലഭോദ്യാനങ്ങൾ ഭംഗിയാക്കുന്നതിനും മനോജ് സമയം ചെലവഴിക്കാറുണ്ട്. വികസനത്തിന്റെ പേരിൽ മരങ്ങൾ വെട്ടി നശിപ്പിച്ചുകൊണ്ടുള്ള കെട്ടിട നിർമാണരീതിയും മറ്റും വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ പ്രകൃതിക്ക് വേണ്ട വൃക്ഷങ്ങളെ സംരക്ഷിക്കുകയെന്നത് ഒരു യുദ്ധം തന്നെയാണ്. ആ യുദ്ധത്തിൽ പ്രകൃതിക്കായി പോരാടുന്ന യോദ്ധാവണ് മനോജ്.പ്രകൃതിയെ സംരക്ഷിക്കാനായി പരിസ്ഥിതി ദിനത്തിൽ വച്ചുപിടിപ്പിക്കുന്ന ഒരു തൈ കൊണ്ടു മാത്രം മതിയാവില്ല. അതിനായി നിരന്തര പരിശ്രമങ്ങൾ അനിവാര്യമാണ്. വൃക്ഷങ്ങൾ നടുന്നത് മാത്രമല്ല, ജൈവ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചും ലളിതമായ ജീവിതം നയിച്ചും മാത്രമെ സുസ്ഥിര വികസനം ലഭ്യമാകൂ. ഭൂമിയിൽ സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കുന്ന മറ്രു ജീവികളെയും പ്രകൃതിയോടൊപ്പം സംരക്ഷിക്കാൻ കഴിയണമെന്നുള്ള സന്ദേശമാണ് മനോജ് നൽകുന്നത്.
ഡേറ്റാ റിക്കവറിയാണ് മനോജിന്റെ പ്രവർത്തനരംഗം. എടവനക്കാട് വയലിൽ ബാലകൃഷ്ണന്റെയും ഇന്ദിരയുടെയും മകനാണ് ഈ 52 കാരൻ.രണ്ട് സഹോദരങ്ങളുണ്ട് വിനോജും സൂരജും.