arya-rajendran-

തിരുവനന്തപുരം: പുറത്ത് സമരപരമ്പര അരങ്ങേറുമ്പോഴും മേയർ നഗരസഭയ്ക്ക് അകത്ത് മീറ്റിംഗ് കൂടുന്നതിന്റെ തിരക്കിലായിരുന്നു. പ്രതിഷേധം കൊടുമ്പിരിക്കൊള്ളുന്ന പശ്ചാത്തലത്തിൽ പുറത്തെ പരിപാടികൾ തത്കാലത്തേക്ക് മാറ്റിവച്ചു. ഇന്നലെ മേയറുടെ അദ്ധ്യക്ഷതയിൽ അമൃത് പദ്ധതിയുടെ യോഗം, വെട്ടുകാട് തിരുനാളിന്റെ ആലോചനായോഗം, വാണിയംകുളം പാർക്കിംഗിന്റെ യോഗം എന്നിവയാണ് നടന്നത്.

കാണാനെത്തിയവരെയെല്ലാം മേയർ ഇന്നലെ കണ്ടു. ശാരീരിക അസ്വാസ്ഥ്യമുണ്ടെങ്കിലും ഇന്നലെ രാത്രി വൈകി ഫയലുകളെല്ലാം ഒപ്പിട്ടശേഷമാണ് മേയർ മടങ്ങിയത്. മേയറോടൊപ്പം കൗൺസിലർമാരും ഉദ്യോഗസ്ഥരും പിന്തുണയുമായുണ്ടായിരുന്നു.

നഗരസഭയിലെത്തുന്നവരെ തടയുന്നത് ശരിയല്ല: മേയർ

വിവിധ ആവശ്യങ്ങൾക്കായി നഗരസഭയിൽ വരുന്നവരെ പ്രതിഷേധത്തിന്റെ പേരിൽ തടയുന്നത് നിർഭാഗ്യകരമാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. പ്രതീക്ഷയോടെ നഗരസഭയിലെത്തുന്നവരെ ആക്രമിച്ചും ഭയപ്പെടുത്തിയും ഓടിക്കുന്നത് മനുഷ്യത്വ രഹിതമാണ്.

തന്റെ പേരിൽ പ്രചരിച്ച കത്ത് തന്റേതല്ലെന്ന് വ്യക്തമാക്കിയിട്ടും അക്രമവും ബഹളവും ചില കൗൺസിലർമാരുടെ നേതൃത്വത്തിൽ തുടരുന്നത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ്.

സമരം ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ മാനിക്കുന്നു. എന്നാൽ സമരത്തിന്റെ പേരിൽ ഭരണപക്ഷ കൗൺസിലർമാരെ മർദ്ദിക്കുന്നത് ശരിയല്ല. പ്രതിപക്ഷം ആവശ്യപ്പെടുമ്പോൾ രാജിവയ്ക്കാനാകില്ല. തന്നെ മേയറാക്കിയത് പാർട്ടിയാണ്. പാർട്ടി നൽകിയ ചുമതല താൻ നിർവഹിക്കുകയാണെന്നും മേയർ പറഞ്ഞു.