arya-rajendran-

തിരുവനന്തപുരം: നഗരസഭയിലെ സമര കോലാഹലങ്ങൾക്കിടയിലും വള്ളക്കടവ് ജയശ്രീയുടെ കണ്ണുനീരിന് വിരാമം. ഒരു വീടിനവേണ്ടി ആറ് വർഷമായി ഓഫീസുകൾ കയറിയിറങ്ങിയ 51കാരിയായ ജയശ്രീക്ക് ഒടുവിൽ വീടൊരുങ്ങുന്നു. ജയശ്രീയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നതിനെ തുടർന്ന് മേയർ ഇടപെട്ട് ജയശ്രീക്ക് കല്ലടിമുഖത്ത് നഗരസഭയുടെ ഫ്ളാറ്റ് അനുവദിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം തനിക്ക് ഇതുവരെ സ്വന്തമായി വീട് ലഭിച്ചില്ലെന്നായിരുന്നു ജയശ്രീയുടെ പരാതി.

പ്രസവത്തിൽ അമ്മയും 14ാം വയസിൽ ജയശ്രീയുടെ അച്ഛനും മരിച്ചു. തുടർന്ന് അമ്മൂമ്മയോടൊപ്പമായിരുന്നു താമസം. കുറച്ചുവർഷങ്ങൾക്ക് ശേഷം അമ്മൂമ്മയും മരിച്ചതോടെ ജയശ്രീ ഒറ്റയ്ക്കായി. ബന്ധുവീടുകളിൽ ജയശ്രീ മാറി മാറി താമസിച്ചു. ബന്ധുക്കൾക്ക് ബാദ്ധ്യതയായതുകൊണ്ട് എട്ടാം ക്ലാസിൽ പഠനവും നിറുത്തി. നിലവിൽ ശ്രീകാര്യത്ത് ഒരു വീട്ടിൽ വൃദ്ധയെ പരിപാലിക്കുന്ന ജോലിയാണ് ചെയ്യുന്നത്. താമസിക്കാൻ വേറെ വീടില്ലാത്തത് കൊണ്ട് ആ വീട്ടിൽ തന്നെയാണ് ജയശ്രീ താമസിക്കുന്നത്.

2016 ലാണ് ലൈഫ് പദ്ധതിയിൽ വീടിന് ആദ്യമായി അപേക്ഷിക്കുന്നത്. സെക്രട്ടേറിയറ്റിൽ നടത്തിയ അന്വേഷണത്തിലാണ് ബന്ധുക്കളാരുമില്ലാതെ ഒറ്റയ്ക്ക് കഴിയുന്നവർക്ക് നഗരപരിധിയിൽ മണ്ണും വീടിന് പകരം ഫ്ളാറ്റാണ് നൽകുന്നതെന്ന് ഉദ്യോഗസ്ഥർ ജയശ്രീയെ അറിയിച്ചത്. തുടർന്ന് നഗരസഭയിൽ അപേക്ഷ നൽകുകയായിരുന്നു. വീട് കിട്ടിയതിൽ സന്തോഷമുണ്ടെന്ന് ജയശ്രീ പറഞ്ഞു. അടുത്തയാഴ്ച മേയർ ആര്യാ രാജേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സലീം എന്നിവർ ചേർന്ന് വീടിന്റെ താക്കോൽ കൈമാറും.