
വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനു പിന്നാലെ പൊഴിയൂരിലെ നിർദ്ദിഷ്ട മത്സ്യബന്ധന തുറമുഖ നിർമ്മാണം തടയാനും നീക്കം. ഇതുസംബന്ധിച്ച രേഖകൾ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചു. മത്സ്യത്തൊഴിലാളി മേഖലകളിലെ എൻ.ജി.ഒകളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ മത്സ്യബന്ധന തുറമുഖ പദ്ധതിക്കെതിരെ പ്രചാരണം നടക്കുന്നത്. ഇതുസംബന്ധിച്ച ലഘുലേഖകൾ രഹസ്യമായി വിതരണം ചെയ്യുകയാണ്.
ഷിജു ലോപ്പസ് കൺവീനറായി നാലോളം സംഘടനകളുടെ പേരുണ്ടെങ്കിലും മത്സ്യത്തൊഴിലാളി കർഷക സംയുക്ത സമിതിയെന്ന പേരിലാണ് ലഘുലേഖ. ഇതിൽ വിഴിഞ്ഞം തുറമുഖ പദ്ധതി വിരുദ്ധസമരത്തെ സഹായിക്കുന്ന കോസ്റ്റൽ വാച്ച് എന്ന സംഘടനയും ഉൾപ്പെടുന്നു. ഈ സംഘടനയ്ക്ക് രജിസ്‌ട്രേഷൻ പോലുമില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. നിലവിലെ നോട്ടീസിൽ നാലു സംഘടനകളുടെ പേരുണ്ടെങ്കിലും ഒരു സംഘടന ഒഴികെയുള്ളവ വിദേശ ഫണ്ട് ലഭിക്കുന്ന സംഘടനയാണെന്നും അധികൃതർ പറയുന്നു. സമരത്തിന്റെ പേരിൽ വിദേശ ഫണ്ട് താത്പര്യവുമുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം ഉന്നതർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇപ്പോൾ ഭീതി പരത്തുകയെന്ന ലക്ഷ്യത്തോടെയാണ് നോട്ടീസ് ഇറക്കിയതെന്നും തുടർന്ന് രഹസ്യ മീറ്റിംഗുകൾ നടത്തുമെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.
നിർദ്ദിഷ്ട മത്സ്യബന്ധന തുറമുഖ നിർമ്മാണത്തിന്റെ പണി പകുതിയാകുമ്പോൾ സമരം തുടങ്ങി സർക്കാരിനെ സമ്മർദ്ദത്തിലാക്കുകയെന്ന അജൻഡ ഇതിന് പിന്നിലുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
ഫിഷിംഗ് ഹാർബർ
വിഴിഞ്ഞം, മുതപ്പൊഴി ഫിഷിംഗ് ഹാർബറുകൾക്ക് പിന്നാലെ പൊഴിയൂർ കേന്ദ്രീകരിച്ച് മറ്റൊരു ഫിഷിംഗ് ഹാർബർ നിർമ്മിക്കാനാണ് പദ്ധതി. പൂവാർ, പുതിയതുറ, പൊഴിയൂർ എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ സൗകര്യമുണ്ടാകുന്നതിനൊപ്പം വിഴിഞ്ഞത്തെ തിരക്ക് കുറയുകയും ചെയ്യും.